പള്ളിവാളും കാല്‍ച്ചിലമ്പുമായി രണ്ടു പേരെ അതായത് ഒരു അച്ഛനെയും മകനെയും വർഷങ്ങളായി നമുക്ക് കാണാൻ സാധിക്കും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിനു്.ദൈവത്തിന്റെ വരദാനം,ദേവീ കടാക്ഷം ഇവർക്ക് ദൈവം ഒരുപാട് കനിഞ്ഞു നൽകിയിരിക്കുന്ന. ഈ അച്ഛനും മകനും കൂടെ അവിടുത്തെ തന്നെ രണ്ട് പേർ ഇവർ പൂരത്തിന്റെ നിറ സാനിദ്ധ്യങ്ങളാണ്.പുരം തുടങ്ങി തിരിച്ചിറങ്ങുന്നതു വരെ ഈ കോമരങ്ങൾ കൂടെ കാണാം.കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. സാധാരണ മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം നടത്തുന്ന തുള്ളലായതിനാല്‍ ഈ കലാ രൂപത്തിന് കോമരം എന്ന പേരുണ്ടായി. ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്.
അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കുന്നു. രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്‍നിന്നോ ഇടപ്രഭുക്കന്മാരില്‍നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍.
കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്‍ണരുടെ കാവില്‍നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്.
നമ്മൾ ഒരുപാടു കോമരങ്ങളെ രണ്ട് ദിവസം മുമ്പ് കൊടുങ്ങല്ലൂർ കാവുതീണ്ടലിന് കണ്ടായിരുന്നല്ലോ. കേരളത്തിലെ ഏറ്റവും പ്രമുഖമായ കൊടുങ്ങല്ലൂരിലെ കാളി ക്ഷേത്രമായ , ശ്രീ കുരുംബ അമ്മ കാവിലെ മീനമാസത്തിലെ ഭരണിയുടെ പ്രാധന ചടങ്ങായ ” അശ്വതി നാളിലെ കാവുതീണ്ടൽ” ചടങ്ങ് നടന്നു . തിരുവോണനാളിലെ കോഴിക്കല്ലു മൂടൽ ചടങ്ങോടെ ആരംഭിക്കുന്ന ഭരണിയുത്സവത്തിൻറെ ഏറ്റവും ഭക്തി നിർഭരമായ ചടങ്ങാണ് കാവുതീണ്ടൽ . ഭരണി നാളിന് തൊട്ടുമുമ്പുള്ള ദിവസം.
കടത്തനാടിന് വടക്കുനിന്നും വരുന്ന കോമരകൂട്ടം വാളും ചിലമ്പും അരമണിയും കിലുക്കി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിന് വലം വച്ച് , ഉന്മദത്തോടെ ഭക്തിയും ലഹരിയും കലർന്ന ശരണം വിളികൾ , ‘ അമ്മയെ ശരണം ദേവി ശരണം ” ഭക്തിയുടെ , കണ്ണീരിൻറെ നിലവിളികളാൽ , മുഖരിതമാകുന്ന ദേവി സന്നിധി . കൈയിലെ മുളവടികൊണ്ട് ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ ചെമ്പോലയിൽ അടിച്ചുകൊണ്ടു കോമരങ്ങൾ പ്രദിക്ഷണം വയ്ക്കുന്ന കാഴ്ച , ഭക്തിയുടെയും ആചാരത്തിൻറെയും ദ്രാവിഡത്തനിമയുടെ സങ്കലനമായേ കാണാനെ കഴിയൂ .ഇത് കൊടുങ്ങല്ലൂരിൽ.
തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ് കൊട്ടിയിറക്കമെന്ന ആറാട്ടെഴുന്നള്ളിപ്പ്. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളാണ് എഴുന്നള്ളിപ്പിന്റെ പ്രധാന കാഴ്ച. വാളും കാല്‍ച്ചിലമ്പുമണിഞ്ഞ് ഭഗവതിയുടെ കോമരങ്ങളായി സേവിക്കാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഗോവിന്ദന് നായര്‍ക്കും മകന് ഗോവിന്ദന്‍കുട്ടിക്കും.
വെളിച്ചപ്പാടിന്റെ ചിലമ്പൊലിയുമായി എടപ്പറ്റ ഗോവിന്ദൻ നായർ, മകൻ ഗോവിന്ദൻകുട്ടി, എരവിമംഗലം ശ്രീധരൻ നായർ, കാപ്പിൽ നാരായണൻ നായർ എന്നീ കോമരങ്ങൾ ആരവമുയർത്തി എഴുന്നള്ളിപ്പിനെ ഭക്തിനിർഭരമാക്കാറുണ്ട്.
തിരുമാന്ധാംകുന്ന് പൂരത്തിന് അരനൂറ്റാണ്ടിലേറെയായി എടപ്പറ്റ ഗോവിന്ദന് നായര്‍ മുടങ്ങാത്ത സാന്നിധ്യമാണ്. വെളിച്ചപ്പെട്ട് നിണമണിഞ്ഞ മുഖവുമായുള്ള എടപ്പറ്റ കോമരത്തിന്റെ മുഖം പൂരപ്രേമികളുടെ മനസ്സിലുണ്ട്. എടപ്പറ്റ കോമരത്തിന്റെ പ്രകടനം കാണാനും കൊടിയാഴ്ചകളിലെ കല്പന കേള്‍ക്കാനുമായി തിരുമാന്ധാംകുന്ന് പൂരത്തിനെത്തുന്ന ഒട്ടേറെപേരുണ്ട്.
അങ്ങാടിപ്പുറത്ത് പൂരത്തിനെത്തുന്ന കോമരങ്ങളില്‍ ഏറ്റവും പ്രായക്കൂടുതല്‍ എടപ്പറ്റയ്ക്കാണ്. 77-വയസ്സ് തികഞ്ഞ എടപ്പറ്റ കോമരം ഒപ്പമുള്ള കോമരങ്ങളെ വെല്ലുന്ന കായികശക്തിയും ചടുലതയും പ്രകടിപ്പിക്കുന്നു. നല്ലൂര് കോമരത്തിന്റെ ശിഷ്യനായ എടപ്പറ്റയ്ക്ക് പിതാവ് എളപ്പള്ളി കൃഷ്ണന് നായര്‍ കൈമാറിയതാണ് വാളും ചിലമ്പും. വള്ളുവനാട്ടിലെ വെള്ളാട്ടര കോമരങ്ങള്‍ക്ക് നേതൃത്വംവഹിക്കുന്ന ഗുരുസ്ഥാനീയനാണ് ഇപ്പോള്‍ എടപ്പറ്റ ഗോവിന്ദന് നായര്‍. 42-വയസ്സുള്ള മകന് ഗോവിന്ദന്‍കുട്ടിയാണ് അങ്ങാടിപ്പുറത്തെത്തുന്ന കോമരങ്ങളിലെ യുവകോമരം. ഇദ്ദേഹം കേബിള്‍ ടി.വി. തൊഴിലാളിയാണ്. എരവിമംഗലം ശ്രീധരന് നായര്‍, കാപ്പില്‍ നാരായണന്‍കുട്ടി എന്നിവരാണ് വര്‍ഷങ്ങളായി എടപ്പറ്റ കോമരത്തിന്റെ നേതൃത്വത്തില്‍ ഭഗവതിയുടെ പ്രതിപുരുഷന്മാരായെത്തുന്ന കോമരങ്ങള്‍.
ജീവിതം മുഴുവന്‍ ദൈവപ്രീതിക്കായി സമര്‍പ്പിക്കുന്ന കോമരങ്ങള്‍ ഉത്സവംകഴിഞ്ഞുള്ള ആറുമാസം ഉപജീവനത്തിനായി ബുദ്ധിമുട്ടാറുണ്ട്. കോമരങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് വക പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഏര്‍പ്പെടുത്തണമെന്നാണ്. ഗോവിന്ദൻ നായര്‍ അൻപതു വർഷത്തിൽ കൂടുതലായി ഇവിടെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കോമരമായി നിലകൊള്ളുന്നു.ദൈവം ഇദ്ദേഹത്തിനും കൂടെയുള്ളവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യയ സൗഭാഗ്യങ്ങളും കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.
ആനകാഴ്ചകൾക്കു വേണ്ടി…നൂഹൂ… ഫോട്ടോസ്..അനൂപ്/പ്രഭുരാജ്