ത്രിശ്ശൂർ പൂരം..
പഞ്ചാരിയുടെ കുലപതി പെരുവനം കുട്ടൻ മാരാർ എന്ന ശങ്കര നാരായണൻ
**************************************
ത്രിശ്ശൂർ പൂരം ഇതാ കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു.കേരളത്തിലെ പൂര പ്രേമികൾ ആവേശത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുന്നു.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറമേളം .ഇലഞ്ഞിത്തറയില്‍ പെരുവന കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വർഷവും ഇലഞ്ഞിത്തറമേളം ഒരുക്കുന്നത്. അദ്ദേഹത്തെക്കുറിച്ച്
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻ മാരാർ. തൃശൂർ ജില്ലയിലെ പെരുവനം സ്വദേശി. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണി.
പെരുവനം ഒരു ഗ്രാമം മാത്രമല്ല , ഒരു വികാരമാണ് , താളവിസ്‌മയങ്ങളുടെ അനുഭൂതിയാണ്, പഞ്ചാരിയുടെ കുലപതി കുട്ടൻ മാരാർ എന്ന ശങ്കര നാരായണൻ ചെണ്ടയിൽ തീർക്കുന്ന താളവിസ്മയം ,സർവ്വതും മറന്നു ആ ലയാനുഭൂതിയിൽ അലിഞ്ഞു ചേരുന്ന ആയിരങ്ങൾ ഉത്സവ പറമ്പുകളുടെ സചേതനമാക്കുന്ന കാഴ്ചകളാണ് .
മധ്യകേരളത്തിൽ ഏകദേശം ഇരുപത്തിയഞ്ച് ക്ഷേത്രങ്ങളുടെ ഉത്സവമേളം കഴിഞ്ഞ മുപ്പത്തി ഒൻപതു വർഷങ്ങളായി കുട്ടൻമാരാരുടെ സാന്നിദ്ധ്യമില്ലാതെ കടന്നുപോയിട്ടില്ല . ഇരുപത്തി രണ്ടിലേറെ വർഷങ്ങളായി മേളങ്ങളുടെ മധ്യസ്ഥനത്തു പ്രമാണിത്വം വഹിച്ചുകൊണ്ട് പെരുവനം അസുരവാദ്യത്തെ നിർമ്മലവും സുന്ദരവുമായ താളവിസ്‌മയങ്ങളുടെ ലാസ്യാനുഭുതിയിലേക്കു ആസ്വാദകരെ കൊണ്ടുപോകുകയാണ് .
രാജ്യം 2011 പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു .സംസ്ഥാന സർക്കാർ ഫെലോഷിപ്പുകളും മറ്റുഅവാർഡുകളും നൽകിയപ്പോൾ സംഗീത നാടക അക്കാദമിയും , സാഹിത്യ അക്കാദമിയും പുരസ്ക്കാരങ്ങൾ സമ്മാനിച്ചും ആദരിച്ചു . എല്ലാത്തിനുമപ്പുറം സാസ്കാരിക കേരളം ഈ പ്രതിഭയെ വാനോളം പുകഴ്‌ത്തുന്നു .
പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറ മേളമെന്ന നാദവിസ്മയത്തിന്റെ അമരക്കാരാനായി ഇത് ഇരുപത്തി ഒന്നാം വര്‍ഷം. കഴിഞ്ഞ നാല്പത്തി രണ്ടു വര്‍ഷമായി ഇലഞ്ഞിത്തറമേളത്തിലെ പങ്കാളിയായ പെരുവനം മാരാര്‍ക്ക് മേളമെന്നാല്‍ മനസും സമര്‍പ്പണവുമാണ്. തങ്ങളേക്കാള്‍ പ്രഗത്ഭര്‍ മേള രംഗത്തുണ്ടായിരുന്നുവെങ്കിലും
അവര്‍ക്കു ലഭിക്കാത്ത പ്രശസ്തിയാണ് ഇന്നത്തെ കാലത്ത് മേള പ്രമാണിയെന്ന നിലയില്‍ ലഭിക്കുന്നത് . അഞ്ചു പ്രമാണിമാര്‍ക്ക് ഒപ്പം അണിനിരന്നതിന്റെ അനുഭവസമ്പത്തുമായാണ് കുട്ടന്‍മാരാര്‍ കൊട്ടിന്റെ കാരണവരായത്. കലാകാരന്മാരെ അടുത്തറിയാനും
തിരിച്ചറിയാനും ഇപ്പോള്‍ കഴിയുന്നു.
ഈ വർഷത്തെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിക്കാൻ മേളകലാ ചക്രവർത്തി പെരുവനം കുട്ടൻ മാരാർ ഒരുങ്ങി. ഇക്കുറി അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം തവണയാണ് കുട്ടൻ മാരാർ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിക്കുന്നത്. ആയിരക്കണക്കിനാളുകൾ ഇലഞ്ഞിത്തറയ്ക്കു ചുറ്റും ആകാശത്തേക്കു കൈകൾ ഉയർത്തി ആർത്തിരമ്പുന്നു. ഭൂമിയിലാണോ സ്വർഗത്തിലാണോ എന്നു തിരിച്ചറിയാത്ത നിമിഷങ്ങൾ. അടിച്ചു കലാശം കഴിഞ്ഞാൽ തകൃത, തകൃതയെന്ന മനോഹരമായ മുഹൂർത്തമെത്തുകയായി.അതോടെ ആരാധകർ ഇളകിമറിയും. ആരാധകർക്കു തീ പിടിക്കുന്നുവെന്നു പറയാവുന്ന നിമഷങ്ങളാണിനി. പെരുവനം ഇടത്തോട്ടും വലത്തോട്ടും നോക്കി കൊട്ടുകാർക്കു സിഗ്നൽ നൽകിക്കഴിഞ്ഞു. പിറകോട്ടു നോക്കി ഇലത്താളക്കാരോടും താളക്കാരോടും കണ്ണും കാതും മേളത്തിലാക്കാൻ കണ്ണുകൾ കൊണ്ടു പറഞ്ഞു.
തൃപ്പൂണിത്തുറ, ഗുരുവായൂർ, ആറാട്ടുപുഴ, പെരുവനം പൂരങ്ങളിലും വിദേശങ്ങളിലും മേളങ്ങൾക്ക് നെടുനായകത്വം വഹിച്ച് മേള വൈദഗ്ധ്യം തെളിയിച്ചുവെങ്കിലും ആസ്വാദന ഹരം കൊണ്ട് ഒരു പടി മുന്നിൽ മേള വസന്തം സൃഷ്ടിക്കുക ഇലഞ്ഞിത്തറയിലായിരിക്കുമെന്ന് പെരുവനം വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് പതിനഞ്ചാം സ്ഥാനക്കാരനായി ഇലഞ്ഞിത്തറയിൽ മൺമറഞ്ഞ മുൻകാല മേളപ്രമാണികൾക്കൊപ്പം ആദ്യമായി പങ്കെടുത്ത പെരുവനം കുട്ടൻ മാരാർ ഇത് നാല്പത്തി മൂന്നാം വർഷമാണ് ഇലഞ്ഞിത്തറയിൽ മേള പങ്കാളിത്തം വഹിക്കുന്നത്. പ്രഗത്ഭരായ ഇരുന്നൂറ്റിയമ്പതിൽ പരം വാദ്യകലാകാരന്മാരും ആയിരക്കണക്കിന് പൂരാസ്വാദകരും ഇലഞ്ഞിമര ചുവട്ടിൽ നിൽക്കുമ്പോൾ തന്റെ ശൈലിക്ക് മാറ്റം വരുമെങ്കിലും പാണ്ടിമേളത്തിന്റെ യഥാർത്ഥ ക്ലാസിക്കൽ നാദാനുഭവം വ്യക്തമാക്കുവാൻ സാധിക്കുന്ന അന്തരീക്ഷമാണ് ഇലഞ്ഞിത്തറയിലേതെന്ന് പെരുവനം പറഞ്ഞു.
നിരവധി കലാകാരന്മാര്‍ അണിനിരക്കുന്ന സംഘമേളത്തില്‍ സൂക്ഷ്മമായ നിരീക്ഷണത്തോടെയാണ് ഓരോരുത്തരും കോല്‍ ചലിപ്പിക്കുക. കാലം എണ്ണിയിട്ടല്ല, മറിച്ച് മനക്കണക്കു കൂട്ടിയാണ് കൊട്ടിത്തീര്‍ക്കുന്നത്. അതിന് അതിന്റേതായ കണക്കുകൂട്ടലുണ്ട്. കാലം മാറുന്നതിനുളള സംജ്ഞ
കൂടെയുളളവര്‍ക്കു നല്‍കുന്നത് ആംഗ്യത്തിലൂടെയാണ്. മേളത്തിന് അതിന്റേതായ രൂപരേഖയുണ്ട്. പ്രമാണി അതിന്റെ കാലഗതി നിലനിര്‍ത്തുന്നു. മേളം സംഘതാളമാണ്. പൊതുവായ ചിട്ടയിലൂടെയാണ് മേളക്കാര്‍ രംഗം കൊഴുപ്പിക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. സംജ്ഞയിലൂടെ കുറുംകുഴല്‍
വാദനക്കാരനും സഹകലാകാരന്മാര്‍ക്ക് അടുത്ത ഘട്ടത്തിലേക്കുളള മാറ്റത്തിന്റെ സൂചന നല്‍കും.
ഇലഞ്ഞിത്തറയിലെ പെരുവനം പെരുമ
***************************************
പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരുടെ തലയെടുപ്പും, അഴകും പോലെയാണ് മേളത്തിലുള്ള കലാകാരന്മാരുടെ പെരുവനം പെരുമ. ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായ പെരുവനം കുട്ടൻ മാരാർക്കൊപ്പം ചെണ്ടയിൽ സഹപ്രമാണിത്വം വഹിക്കുന്ന പെരുവനം സതീശൻ മാരാർ ഇക്കുറി 33ാം വർഷമാണ് മേളത്തിൽ പങ്കെടുക്കുന്നത്. പിതാവായ ചക്കംക്കുളം അപ്പുമാരാർ മേള പ്രമാണിയായിരിക്കെയാണ് സതീശൻ മാരാർ ഇലഞ്ഞിത്തറ മേളത്തിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുക്കുന്നത്. പല്ലാവൂർ അപ്പു മാരാരുടെ പ്രമാണത്തിലും സതീശൻ മാരാർ പങ്കെടുത്തിട്ടുണ്ട്. പെരുവനം ശങ്കരനാരായണൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ, പെരുവനം മുരളി പിഷാരടി, പെരുവനം വേണു, പെരുവനം വിനു പരമേശ്വരൻ, പ്രകാശൻ, ശ്രീ ശങ്കർ ഉണ്ണി, കുട്ടൻ മാരാരുടെ മകനായ കാർത്തിക് പി. മാരാർ ഉൾപ്പെടെയുള്ളവർ ഇലഞ്ഞിത്തറയിലെ മേളത്തിന് നാദ ഗോപുരം തീർക്കും. ചെണ്ട, കൊമ്പ്, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഇലഞ്ഞിത്തറയിൽ പെയ്താർക്കുന്നത്.
പൂരംദിവസം ഉച്ചയ്ക്ക് 12 ന് ചെമ്പടമേളം കൊട്ടി പന്ത്രണ്ടരയോടെ പാറമേക്കാവിലമ്മയുടെ നിരപ്പിനെത്തുന്ന മേളക്കാര്‍ ഒരു മണിയോടെ രണ്ടുകാലം കൊട്ടിത്തീര്‍ക്കും. പാണ്ടിമേളം ഒരുമണിയോടെ കൂട്ടിപ്പെരുക്കും. ഇതിന് 20 മിനിറ്റോളം ദൈര്‍ഘ്യം. തുടര്‍ന്ന് ഉച്ചയ്ക്ക് 1.20ന് പതിഞ്ഞകാലത്തില്‍ രണ്ടുകലാശം കൊട്ടി തേക്കിന്‍കാട്ടിലേക്ക് നീങ്ങും. അവിടെ നിന്ന് എക്‌സിബിഷന്‍ കവാടത്തിനു മുന്നില്‍ ഒരു ഇടക്കലാശവും കഴിഞ്ഞ് വടക്കുംനാഥക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്കു കടക്കും. തെക്കും പടിഞ്ഞാറും ഭാഗത്ത് ഓരോ ഇടക്കലാശം കഴിഞ്ഞ് 2.10 ന് ഇലഞ്ഞിച്ചുവട്ടില്‍ നിരക്കും. പതിഞ്ഞകാലത്തില്‍ നിന്ന് കാലം ഉയര്‍ത്തി വിവിധ ഘട്ടങ്ങളിലുടെ മനുഷ്യമനസില്‍ രസച്ചരടു മുറുക്കും. ഇതിനിടെ തുറന്നുപിടിക്കലായി. അടുത്തഘട്ടം അടിച്ചുകലാശം. മൂന്നുമണി മുതല്‍ മുക്കാല്‍മണിക്കൂര്‍ നേരം തകൃതകൃത. പിന്നീട് ഇടക്കലാശം കഴിഞ്ഞ് മുട്ടിന്മേല്‍കാലത്തിലേക്കു കടക്കും. പതിനാല് അക്ഷരകാലത്തില്‍ നിന്ന് ഏഴായി ചുരുക്കി കുഴമറിഞ്ഞ കാലത്തിലൂടെ മേളം കൂട്ടിത്തട്ടും. ആസ്വാദകരുടെ മനമറിഞ്ഞ് ചെണ്ടക്കോലിടുന്ന കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറ മേളം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാത്തില്‍ അത്ഭുതമാണ് തോന്നുന്നത്. ഇത്രയധികം കലാകാരന്മാര്‍ ഒരുമിച്ച് നിന്ന് ഒരേ താളത്തില്‍ കൊട്ടുന്നത് ലോകത്ത് മറ്റെവിടെയുമില്ലെന്നും നമുക്ക് എല്ലാം അറിയാവുന്ന കാര്യം ആണ്.
കുട്ടൻ മാരാർ പറഞ്ഞതുപോലെ
വലിയ കലാകാരന്മാർക്കു ചെറിയവരെ ക്കുറിച്ചും വലിയ വാക്കുകൾ പറയാനാകും. അങ്ങിനെയാണു ചെറിയവർ വലുതാകുന്നത്.അതെ വളരെ ശരിയാണ്. പെരുവനത്തിനെക്കുറിച്ച് ഇനിയും എന്തെല്ലാം കാര്യങ്ങൾ ബാക്കി. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ത്രിശ്ശൂർ പൂരം കഥകൾ തീരുന്നില്ല,കാത്തിരിക്കുക പുതിയ വിശേഷങൾക്കായി….
കടപ്പാട് : വേരിയസ്/നൂഹൂ..