Thrissur Pooram – ilanjithara melam തൃശ്ശൂർ പൂരം – ഇലഞ്ഞിത്തറമേളം
താളമേളക്കൊഴുപ്പിലും കുടമാറ്റത്തിന്‍റെ ഇന്ദ്ര വര്‍ണജാലത്തിലും കരീവീര കേസരികളുടെ ഗാംഭീര്യത്തിലും വെടിക്കെട്ട് എന്ന പ്രയോഗത്തിന്‍റെ കാഴ്ച്ച കേൾവി വിസ്മയത്തിലും ആറാടി ഭാരതത്തിന്റെ സംഭാവനകളിൽ ഒന്നായ നമ്മുടെ എല്ലാം സ്വന്തം പൂരം കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ അതെ ത്രിശ്ശൂർ എന്ന് അറിയപ്പെടുന്ന മനോഹരമായ നഗരത്തിൽ പൂരങ്ങളുടെ പൂരം അരങ്ങേറുന്നു. ഇനി ദിവസങ്ങൾ മാത്രം. പൂരദിനത്തില്‍ പുലര്‍ച്ചെ ഘടകപൂരങ്ങളുടെ വരവോടെ പൂരനഗരി ആവേശത്തിലാകാൻ തുടങ്ങും. പൂരം എന്നാൽ ഇങ്ങനെയാണ്, അതായത് പ്രശസ്‌തമായ പഞ്ചവാദ്യവും പാണ്ടിമേളവും പൂരത്തിന്‍റെ മാറ്റ് കൂട്ടുന്ന മുഖ്യ ഘടകങ്ങളിൽ ഒന്ന്. ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നത് അതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചരയോടെ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന കുടമാറ്റത്തിന് തുടക്കമാവും. എന്തെക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ഇത്തവണയും പൂരം പൊടിപാറുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഇലഞ്ഞിത്തറ മേളം
പെട്ടെന്ന് ഓർമ്മയിൽ എത്തുന്നത് അയൽക്കാരി എന്ന മലയാള സിനിമായിലെ ഈ ഗാനം ആണ്.
“ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽ കിനാവിൻ പനിനീർമഴയിൽ
പണ്ടു നിൻ മുഖം പകർന്ന ഗന്ധം”,
ശരിയാണ് ഒരു ഗന്ധം പോലെയാണ് ഇലഞ്ഞിതറമേളം.കണ്ടു കേട്ടു തുടങ്ങിയിൽ പിന്നെ ഏതോ ഒരു ശക്തി നമ്മളെ ഏതോ ഒരു അത്ഭുത ലോകത്തിലെത്തിക്കുന്ന ആവേശം സിരകളിൽ പടർത്തി അറിയാതെ താളലയങ്ങളിൽ ലയിച്ചു പോകുന്നു.
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളം ആണ് ഇലഞ്ഞിത്തറമേളം.
പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്.
പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് ദേവിയുടെ മൂലസ്ഥാനമെന്നു കരുതുന്ന ഇലഞ്ഞിത്തറയിലാണ് തൃശൂര്‍പൂരത്തിന്‍റെ പ്രസിദ്ധമായ പാറമേക്കാവ് ഭാഗത്തിന്‍റെ “ഇലഞ്ഞിത്തറമേളം’. ക്ഷേത്രമതില്ക്കകത്ത് സാധാരണ കൊട്ടാത്ത പാണ്ടിമേളമാണ് വടക്കുനാഥക്ഷേത്രവളപ്പില്‍ പാറമേക്കാവ് ഒരുക്കുന്നത്.
പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുതാഴെ എന്തൊരു പഴമൊഴിയുണ്ട്. ഇത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇലഞ്ഞിത്തറമേളം. ദാരികവധം കളമെഴുത്തു പാട്ടില്‍ പറയുന്ന 18 വാദ്യങ്ങള്‍ തപ്പ്, തകില്‍, മരം, തൊപ്പിമദ്ദളം, താളം, കുറുങ്കുഴല്‍, കൊമ്പ്, ശംഖ്, ഉടുക്ക്, ഇടയ്ക്ക ,ഭേരി, കാഹളം, ഢമ്മാനം, ദുന്ദുഭി മിഴാവ്, തിമില കൈമണി, ചേങ്ങില എന്നിവയാണ് ഇലഞ്ഞിത്തറ മേളത്തിലുപയോഗിക്കുന്നത്.
തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ നാദപെരുമയേറിയ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളികളാകുമ്പോള്‍ അകം നിറയുന്ന ആത്മഹര്‍ഷമാണ് ലഭിക്കുക.
ഇലഞ്ഞിതറമേളത്തിന്റെ തുടക്കം ഇങ്ങനെയാണ്.. വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാർത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്. വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത് കൊട്ടുന്നത് തൃശൂർ പൂരത്തിന് മാത്രമാണ് എന്നതാണ്. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ് ക്ഷേത്രമതിൽക്കകത്ത് കൊട്ടാറുള്ളത്.
പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ് വിളിക്കപ്പെടുന്നത്. ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുക്കുന്ന വാദ്യമേളക്കാരെ ഒത്തൊരുമിച്ചു നിര്‍ത്തേണ്ടതും ഓരോരുത്തരെയും
നിയന്ത്രിക്കേണ്ടതും പ്രമാണം കൊട്ടുന്നയാളാണ്.കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. പെരുമഴപോലെ പടര്‍ന്നുവീണ് സകലതിനെയും മേളലഹരിയില്‍ കടപുഴക്കി ഒരു നിമിഷം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയശേഷം ഇലഞ്ഞിത്തറമേളം നില്‍ക്കുന്നു. ആര്‍പ്പുവിളികളാല്‍ അഭിനന്ദനവര്‍ഷം ചൊരിയുന്ന കാണികളും പരസ്പരം ആശ്ളേഷിക്കുന്ന മേള ക്കാരും അരങ്ങൊഴിയുന്നതോടെ വാദ്യമേളത്തിന്റെ വിസ്മയപ്രപഞ്ചമൊരുക്കിയ ഇലഞ്ഞിത്തറ മേളത്തിന് തിരശീല വീഴുകയായി
ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.തീരുന്നില്ല ഇനിയും ഒരുപാട് പൂരവിശേഷങ്ങൾ ബാക്കി, കൂടുതൽ വിശേഷങൾക്കായി കാത്തിരിക്കുക