പാപ്പാനെ കൊലപ്പെടുത്തിയ സംഭവം: ശ്രീകൃഷ്ണനെ ഇനി ആനക്കോട്ടക്ക് പുറത്തേയ്ക്ക് വിടില്ല

പാപ്പാനെ കൊലപ്പെടുത്തിയ ആനക്കോട്ടയിലെ കൊമ്പൻ ശ്രീകൃഷ്ണനെ ഇനി പുറത്തേക്ക് വിടില്ലെന്ന് ദേവസ്വം. ഇന്ന് (വ്യാഴം) ചേരുന്ന ഭരണസമിതിയോഗം ഇക്കാര്യം ചർച്ചചെയ്ത് വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവിറക്കും. ഇരിങ്ങാലക്കുട കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ഉത്സവത്തിനിടെ ഇടഞ്ഞ ശ്രീകൃഷ്ണൻ പാപ്പാൻ നന്ദനെ കൊലപ്പെടുത്തിയിരുന്നു. നേരത്തെ രണ്ടു തവണ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കരിമ്പട്ടികയിലായിരുന്നു ശ്രീകൃഷ്ണന് സ്ഥാനം. 2011-ലെ ഉത്സവ ആനയോട്ടത്തിനിടെ ആനയുടെ ആക്രമണത്തിൽ ജയറാം എന്ന ഭക്തൻ തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്. 2017-ൽ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് സുഭാഷ് എന്ന പാപ്പാനെയും കുത്തിക്കൊലപ്പെടുത്തി. പിന്നീട് ശ്രീകൃഷ്ണനെ ആനക്കോട്ടയിൽ തളച്ചിട്ടു. പുറത്തേയ്ക്ക് അയച്ചിരുന്നില്ല. നന്ദനെപ്പോലുള്ള സമർഥരായ പാപ്പാൻമാർ ആനയുടെ പ്രധാന ചട്ടക്കാരനായതോടെ ശ്രീകൃഷ്ണൻ ശാന്തനായി വരുകയായിരുന്നു. കിഴുത്താണി സംഭവത്തോടെ വീണ്ടും പഴയതു പോലെ അക്രമകാരിയായ സാഹചര്യത്തിലാണ് ശ്രീകൃഷ്ണനെ മാറ്റിനിർത്തുന്നതെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു.