മൂന്നാറിന്റെ സ്റ്റൈൽ മന്നൻ “പടയപ്പ”

1999 കാലഘട്ടം,
സ്ഥലം മൂന്നാറിലെ മാട്ടുപ്പെട്ടി,
മൂന്നാറിന്റെ തണുപ്പിൽ സ്റ്റൈൽമന്നന്റെ ഏറ്റവും പുതിയ ചിത്രമായ പടയപ്പയിലെ എൻ പേര് പടയപ്പാ..എന്നുള്ള ഹിറ്റ് പാട്ട് മാട്ടുപ്പെട്ടി ജലസംഭരണിക്കടുത്തുള്ള കടകളിൽ മുഴങ്ങിക്കേൾക്കുന്നു. എന്നാൽ അന്നവിടെ ഉണ്ടായിരുന്ന സഞ്ചാരികളും നാട്ടുകാരും അതിലല്ല ജലസംഭരണിക്കടുത്ത് കൂടി നിന്ന് ആവേശത്താൽ ആർത്തുവിളിക്കുന്ന ചില ഓട്ടോ ഡ്രൈവർമാരിൽ ആണ് ശ്രദ്ധ പതിപ്പിച്ചത്. അവിടെ കണ്ട കാഴ്ച ആരിലും കൗതുകമുണർത്തുന്ന ഒന്നായിരുന്നു. 30-32 വയസ്സ് വരുന്ന ലക്ഷണമൊത്ത ഒരു കൊമ്പൻ, പടയപ്പയിലെ ആ ഗാനത്തിനൊത്ത് തലയാട്ടി താളം പിടിച്ച് ജലസംഭരണിക്കടുത്ത് വെള്ളത്തിൽ നൃത്തം ചവിട്ടിക്കൊണ്ട് നിലയുറപ്പിച്ചിക്കുന്നു. കുറച്ച് കാലമായി അവനെ അവിടെയൊക്കെ കാണുന്നതാണ്.എങ്കിലും, ജലസംഭരണിയിലെ അവന്റെ സ്ഥിരം നീരാട്ടിൽ കാണാത്ത ഒരു രംഗമായിരുന്നു അത്. മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും സഞ്ചാരികളും അന്ന് മൂന്നാറിലെ ഏറ്റവും തലയെടുപ്പുളള ആ കാട്ടാനയ്ക്ക് സ്നേഹത്തോടെ ചാർത്തിയ പേര് പിന്നീട് മൂന്നാറിനും പുറത്തേക്ക് അതിവേഗം പടർന്നു.അവനായിരുന്നു മൂന്നാറിന്റെ സ്റ്റൈൽ മന്നൻ താൻ തന്നെ എന്ന് തെളിയിച്ച കൊമ്പൻ… പടയപ്പ

സ്നേഹത്തിനും സൗഹൃദത്തിലും രജനി കഥാപാത്രങ്ങളെ പോലെ പടയപ്പയും മാട്ടുപ്പെട്ടിക്കാര്‍ക്ക് പ്രിയങ്കരനായി.കാടിറങ്ങി പുഴയില്‍ മുങ്ങി നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമൊക്കെ കഴിച്ച് എല്ലാര്‍ക്കും സലാം വച്ച് അവന്‍ കാട്ടിലേക്ക് തന്നെ മടങ്ങും. ഇൗ പോക്ക് വരവ് വര്‍ഷങ്ങളായി മൂന്നാറുകാർക്ക്‌ സുപരിചിതമാണ്.മൂന്നാർ–മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശമാണ് പടയപ്പയുടെ അധികാരപരിധി.ഇൗ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവുമാണ് മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നത്.വർഷങ്ങളായി ഇൗ മേഖലയിൽ ഇറങ്ങി നടക്കുന്ന പടയപ്പ ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാലും ഇടക്കിടെ വിശക്കുമ്പോൾ കൃഷി സ്ഥലങ്ങളുടെ വേലി പൊളിച്ച് തനിക്കാവശ്യമുള്ളത് കഴിക്കാനും എക്കൊപ്പോയിന്റ്‌, മാട്ടുപ്പെട്ടി, കുണ്ടള ഭാഗങ്ങളിലെ കടകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ കയ്യിട്ടു വാരാനും അവൻ മുതിരാറുണ്ട്.അവനാവശ്യമുള്ളത് കഴിച്ചിട്ട് എന്റെ അധികാരപരിധിയിൽ ഉള്ളത് എനിക്കും കൂടി അവകാശപ്പെട്ടത് എന്ന ഭാവത്തിൽ ആൾനാശവുംജീവനാശവും വരുത്താതെ അവൻ കാടിന്റെ പച്ചപ്പിലേക്ക്‌ മറയുകയും ചെയ്യുന്നു. തങ്ങളിൽ ഒരാളായി അവനെ കാണുന്ന നാട്ടുകാർക്ക് അവനെതിരെ ആരോടും പരാതി പറയാറുമില്ല.

പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുണ്ട്.2015 കാലയളവിൽ ഒരു ദേഹത്ത് ഒരു മുറിവും കാലിൽ ഒരു മുടന്തുമായാണ് പടയപ്പ മൂന്നാറിലേക്ക് ഒരു അജ്ഞാതവാസത്തിനു ശേഷം കാടിറങ്ങി വന്നത്. ആ കഥ വഴിയേ പറയാം). മൂന്നാറിൽ രാജമല പ്രദേശത്താണ് പടയപ്പയെ കൂടുതലും കാണാനാകുക.റോഡരികിലെ കടകളൊക്കെ അടച്ച് ആളൊഴിഞ്ഞ ശേഷമാണ് പടയപ്പ തന്റെ ദിവസേനയുള്ള നൈറ്റ് വിസിറ്റിങിനിറങ്ങുക.

തന്നെ സ്നേഹിക്കുന്ന നാട്ടുകാരെ ആശങ്കയിൽ ആഴ്ത്തി പടയപ്പ ഇടക്കിടെ മുങ്ങാറുണ്ട്. കാടാറു മാസം നാടാറു മാസം എന്ന പോളിസി ആണ് മൂപ്പർക്ക്. ഒരിക്കൽ ഒരു ഒളിച്ചോട്ടം നടത്തി കഴിഞ്ഞാൽ പിന്നെ ഒരു ആറു മാസം കഴിയുമ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടിൽ അവൻ തിരികെ വരുകയും തന്റെ സ്ഥിരം കലാപരിപാടികൾ നിർബാധം തുടരുകയും ചെയ്ത് പോന്നിരുന്നു. ഒരിക്കൽ കാടുകയറിയ പടയപ്പ ഒരു വർഷത്തിനു ശേഷം ഒരു തിരുവോണ നാളിൽ വീണ്ടും തിരികെ എത്തി. അന്നവൻ തനിയെ ആയിരുന്നില്ല. തന്റെ പ്രേമഭാജനമായ ഒരു പിടിയാന സുന്ദരി കൂടി പടയപ്പക്കൊപ്പം കാടിറങ്ങി വന്നിരുന്നു.നാട്ടിലെ തന്റെ സാമ്രാജ്യവും തന്റെ നിലയും വിലയും അവൾക്ക് കാണിച്ച് കൊടുക്കാൻ അവൻ അവളെ നാട്ടിലേക്ക് എത്തിച്ചതാകാം.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം വനത്തിന്റെ ആ ഭാഗത്തുള്ള 13 പിടിയാനകളും ഒരുപോലെ പ്രേമിക്കുന്ന ഒരു കാമദേവനാണ് നമ്മുടെ പടയപ്പ.അന്ന് ഇന്‍ഡോ സ്വിസ് പ്രോജക്ടിന് സമീപമുള്ള പുല്‍മേട്ടില്‍ ആഹാരം തേടിയെത്തിയ പടയപ്പയെയും അവന്റെ പ്രിയതമയേയും കാണാന്‍ നിരവധി സഞ്ചാരികളാണ് മണിക്കൂറുകളോളം റോഡിൽ തിങ്ങി നിന്നത്. പിന്നീട് അവിടെ നിന്നും നടന്നു കുറച്ച് മാറി റോഡിൽ കയറിയ പടയപ്പ റോഡിന് വിലങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ഗെറ്റപ്പില്‍‌ തന്റെ ആരാധകർക്ക് ഫോട്ടോഷൂട്ടിന് പോസ് ചെയ്യാനും മറന്നില്ല. നിരവധി വാഹനങ്ങൾ റോഡിൽ കുരുങ്ങി. ഏതാണ്ട് 3 മണിക്കൂർ ട്രാഫിക് ബ്ലോക് സൃഷ്ടിച്ച തന്റെ ഫോട്ടോ ഷൂട്ടിന് ശേഷം പടയപ്പയും കാമുകിയും വീണ്ടും കാടു കയറി.

അടുത്ത വരവ് ഒരു രാത്രിയിൽ ആയിരുന്നു. രാത്രി പത്തുമണിയോടെ ആളൊഴിഞ്ഞ മൂന്നാർ പാതയിലൂടെ ഒരു നൈറ്റ് വാക്‌. രാജമല, എക്കോപോയിന്റ്, കുണ്ടള എല്ലാം കറങ്ങി ഒരു മടക്കം. പിന്നീട് അവൻ വന്നത് ഒരു ഉച്ച നേരം ആയിരുന്നു. രാജമലയിലെ വരയാടുകളെ കാണാൻ ടിക്കറ്റ് എടുക്കാൻ നിന്ന ഗോസായിമാരുടെയും സായിപ്പന്മാരുടെയും വരികൾക്ക് പിന്നിലായി ശാന്തനായി അവനും തന്റെ സാന്നിധ്യം അറിയിച്ചു.വരുന്നവഴിക്ക് രാജമല അഞ്ചാംമൈലില്‍ ചിലർ വഴിയോരത്ത് വില്‍ക്കാന്‍ വച്ച ചോളവും കൈതച്ചക്കയും കാരറ്റുമെല്ലാം അകത്താക്കിയി മൂപ്പര് ഇൗ നിൽപ്പ് നിൽക്കുന്നത് എന്ന് ആരറിയാൻ. പണ്ടൊരു വിരുതൻ പടയപ്പയുടെ കണ്ണിൽ പെടാതിരിക്കാൻ ഒരു കനാലിന്റെ അടിയിൽ പറിച്ചെടുത്ത കാരറ്റ് ചാക്കിലാക്കി ഒളിപ്പിച്ച്. രാത്രിക്ക് രാത്രി പടയപ്പ ചാക്കിലെ കാരറ്റ് മണത്തു പിടിച്ച് റെയ്ഡ് ചെയ്ത് ഒന്നു വിടാതെ വയറ്റിലാക്കി.നാഷണല്‍ പാര്‍ക്കിലേക്കുള്ള ടിക്കറ്റെടുക്കാന്‍ വരിയില്‍നിന്ന സഞ്ചാരികള്‍ക്ക് പടയപ്പയെ കണ്ട കൗതുകം കാട്ടാനയാണെന്ന് അറിഞ്ഞതോടെ ഭയമായി. തുടര്‍ന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു. താനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ഇതൊന്നും ശ്രദ്ധിക്കാതെ സമീപത്തുകിടന്ന വനം വകുപ്പിന്റെ വാഹനത്തിനരികില്‍ പടയപ്പ നിലയുറപ്പിച്ചു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളോ ടിക്കറ്റ് കൗണ്ടറോ ആക്രമിക്കാതെയായിരുന്നു ഒരുമണിക്കൂറോളം പടയപ്പ നിന്നത്. പിന്നീട് പാര്‍ക്കിങ് ഏരിയ വഴി സമീപത്തെ വനത്തിലേക്കു പോയി.

2009 കാലത്ത് ആണെന്ന് തോന്നുന്നു. ഒരിക്കൽ കാടു കയറിയ പടയപ്പ മടങ്ങി വന്നില്ല. വർഷം ഒന്നു കഴിഞ്ഞു,രണ്ടു കഴിഞ്ഞു, പടയപ്പയെക്കുറിച്ച് ഒരറിവുമില്ല.പടയപ്പയെ കാണാതായ വിവരം പ്രദേശത്ത് ചര്‍ച്ചാവിഷയവുമായി. പടയപ്പ എവിടെ പോയെന്നോ, എന്ത് പറ്റിയെന്നോ ആര്‍ക്കും ഒരു വിവരവും ലഭിക്കാതെ ടാക്‌സി ഡ്രൈവര്‍മാരും എസ്‌റ്റേറ്റ് നിവാസികളുടമടക്കം അവന്റെ നിരവധി ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.പടയപ്പയെ ആനവേട്ടക്കാര്‍ കൊലപ്പെടുത്തിയെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ഇതിനിടയില്‍ പരന്നിരുന്നു. പടയപ്പയെകുറിച്ച് കൂടുതൽ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ 5 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അവൻ നാട്ടിലെ തന്റെ സാമ്രാജ്യത്തിലേക്ക് തിരികെ എത്തി. പലതവണ കാടിറങ്ങി വന്നിരുന്നെങ്കിലും അന്നാദ്യമായി അവനെ മദപ്പാടിൽ മൂന്നാറിലെ ജനങ്ങൾ കണ്ട്. അത്തവണ അധികനാൾ നാട്ടിൽ നിൽക്കാതെ അവൻ വീണ്ടും കാടുകയറി. തങ്ങളുടെ പ്രിയപ്പെട്ടവൻ ജീവനോടെ ഉണ്ടെന്ന ആശ്വാസത്തിലും അവന്റെ അടുത്ത തിരിച്ചു വരവിനായി അവർ വീണ്ടും കാത്തിരുന്നു.കാടിറങ്ങുന്ന കൊമ്പന്‍ പടയപ്പയാണെങ്കില്‍ ജനങ്ങള്‍ക്ക് ഭയമില്ല.  പടയപ്പയുടെ ശാന്തസ്വഭാവം തന്നെയാണ് അതിനു കാരണം. ഒരിക്കൽ നല്ലതണ്ണി  മലയിറങ്ങി നാട്ടിലെത്തിയ പടയപ്പ എം.ജി റോഡിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങിയെങ്കിലും പ്രദേശത്തെ വീടുകളിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ആ വഴിയിലൂടെയുള്ള നടത്തം വേണ്ടെന്നു വച്ചു. കാരണം അവന്റെ സ്വാതന്ത്രം നിഷേധിച്ച് അവനെതിരെ പ്രവർത്തിക്കാതെ സ്വസ്ഥത ജീവിതം നയിക്കാൻ കഴിയും എന്നവർക്ക് അറിയാമായിരുന്നു.

എന്നാൽ അടുത്ത തവണ പടയപ്പ എത്തിയത് ശരീരത്തിലെ മുറിവുമായിട്ടാണ്. ആ വേദനയിലാവണം അവന്‍ അസ്വസ്ഥനായിരുന്നു.പിൻകാലുകളിൽ ഒന്നിന് മുടന്തും സംഭവിച്ചിരിക്കുന്നു.നാട്ടുകാര്‍ക്ക് അവന്റെ വേദന മനസിലായി. അവനെ നേരിട്ട് അറിയാത്ത മൂന്നാറിലെ സഞ്ചാരികൾക്ക് അത് മനസിലായില്ല.അവര്‍ അവനൊപ്പം നിന്ന് സെല്‍ഫി എടുക്കാനും അവനെ നോക്കി ആർത്ത് വിളിക്കാനും തുടങ്ങി.  ആളുകൂടിയതോടെ അവന്‍ ദേഷ്യപ്പെട്ടു. ആളുകളെ ഒന്നുവിരട്ടി സമീപത്തെ തട്ടുകടയൊക്കെ തകര്‍ത്ത് അവന്‍ രോഷം വ്യക്തമാക്കി. ഒടുവില്‍ പ്രിയപ്പെട്ട നാട്ടുകാരുടെ സങ്കടവും സഞ്ചാരികളോട് അവർ കയർക്കുന്നതും കണ്ടിട്ടാകണം അധികം സമയം നില്‍ക്കാതെ അവന്‍ കാടുകയറി.ശരീരത്തിലെ മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. ഒരു പക്ഷെ പണ്ടത്തെപ്പോലെ ഒരു വനയുദ്ധത്തിന്റെ അടയാളങ്ങൾ ആകാം.(പണ്ടൊരിക്കൽ എക്കോ പോയിന്റിന് മറുകരയിൽ യൂക്കാലിപ്റ്റസ് കാടുകളിൽ ഒരു കൊമ്പനുമായി ഒരു ഭയങ്കര സംഘട്ടനം നടന്നിരുന്നതും അന്ന് പടയപ്പ ആ കൊമ്പനെ കുത്തി വീഴ്ത്തിയതും ഒരു റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങൾക്കിടയിൽ വീണു കിട്ടിയതാണ്.)

2017ൽ വീണ്ടും ഒരു തിരുവോണ നാളിൽ പടയപ്പ കണ്ണൻദേവൻ കമ്പനിയുടെ കന്നിമല മൈതാനത്തും തോട്ടങ്ങളിലും ആയി പ്രത്യക്ഷപ്പെട്ടു. പടയപ്പയുടെ ഏറ്റവുമധികം മനോഹരവും രാജകീയവും ആയ ചിത്രങ്ങൾ പകർത്തപ്പെട്ടത് ഈ സമയത്ത് ആണ്. അന്ന് കന്നിമലയിൽ മൈതാനത്ത് രണ്ടു എസ്റ്റേറ്റിലെ തൊഴിലാളികൾ തമ്മിലുള്ള ഫുട്ബാൾ മൽസരം നടക്കുകയായിരുന്നു. ഫുട്ബാൾ മൽസരം കണ്ടപ്പോൾ പടയപ്പയും കൊമ്പുകുലുക്കി പന്ത് തട്ടാനെത്തി. കളിയുടെ ആവേശത്തില്‍ രണ്ടു ടീമുകളും പടയപ്പയുടെ സാന്നിധ്യം അറിഞ്ഞില്ല. കൊമ്പന്‍ മൈതാനത്തിനു നടുക്കെത്തിയ ശേഷമാണു കളിക്കാര്‍ വിവരമറിഞ്ഞത്. കളിക്കാരെല്ലാം പേടിച്ച് ഓടിമാറിയെങ്കിലും മൈതാനത്ത് ഇതൊന്നും ശ്രദ്ധിക്കാതെ കുറച്ചുസമയം ചെലവഴിച്ചശേഷം പടയപ്പ കാട്ടിലേക്കു മടങ്ങുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പടയപ്പ വീണ്ടും മൂന്നാറിലേക്ക് തിരികെ വന്നിരിക്കുകയാണ്. ലോക്ഡൗൺ കാലം ആയതിനാലും മൂന്നാറിൽ സഞ്ചാരികളുടെ ബഹളങ്ങൾ ഒഴിഞ്ഞതിനാലും ഇത്തവണ പടയപ്പ തന്റെ രാത്രി സഞ്ചാരത്തിന്റെ ദൈർഘ്യം ഒന്ന് കൂട്ടിയിട്ടുണ്ട്. ലോക്ഡൗൺ ആഘോഷമാക്കി ആളൊഴിഞ്ഞ മൂന്നാറിന്റെ തെരുവുകള്‍ കീഴടക്കി പടയപ്പ വിലസുകയാണ്.ഇത്തവണ കൂടെ തന്റെ ഒരു കൂട്ടുകാരനെയും കൂട്ടിയാണ് പടയപ്പ നാട്ടിലിറങ്ങിയത്.ഒരു കൊമ്പൻ,പ്രായമായിത്തുടങ്ങിയ പടയപ്പ തന്റെ പിൻഗാമിയെ തന്റെ സാമ്രാജ്യം കാണിക്കാനും പരിചയപ്പെടുത്താനും കൊണ്ടുവന്നതാണ് എന്ന് മൂന്നാറിലെ ജനങ്ങൾ കളിയായി പറയുന്നു. എന്തായാലും കഴിഞ്ഞ തിങ്കളാഴ്ച്ച മൂന്നാർ ടൗണിൽ രാത്രി നടത്തത്തിന് വന്ന പടയപ്പയും കൂട്ടാളിയും ഒരു പെട്ടിക്കട തകർത്ത്‌ അവിടെ സൂക്ഷിച്ചിരുന്ന പഴക്കുലയും കഴിച്ച് ടൗൺ ആകെ ഒന്ന് കറങ്ങി ഫോറസ്റ്റ് ഓഫീസിനും ഒന്ന് വലം വെച്ചാണ് മടങ്ങിയത്. ആ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.പടക്കം എറിഞ്ഞും പുലിയുടെ റെക്കോർഡ് ശബ്ദം വച്ചും ടൗണിൽ നിന്നും തങ്ങളെ അകറ്റാൻ നോക്കിയ ചില ന്യൂ ജനറേഷൻ നാട്ടുകാരുടെയും ഫോറസ്റ്റ്കാരുടെയും നേരെ ഇതിലും വലിത് കണ്ടവനാ ഇൗ ഞാൻ എന്നോടോ ബാലാ.. എന്ന മട്ടിൽ അവനൊന്നു നോക്കി നിന്നു.. എന്നിട്ടാണ് പടയപ്പയും കൂട്ടാളിയും കാടിന്റെ ഇരുളിലേക്ക് കയറിയത്.

55 വയസ്സുകാരനായ പടയപ്പ ഇന്ന് കാട്ടിൽ കഴിയുന്നതിലും കൂടുതൽ സമയം നാട്ടിലാണ്.പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.പടയപ്പ ആരേയും ഉപദ്രവിച്ചിട്ടില്ല.
കാട്ടാനകളോട് മാന്യമായി പെരുമാറിയാൽ ആ മാന്യത അവ തിരിച്ച് തരും എന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാർ കാടുകളിലെ ഇൗ കരിവീരൻ.

അരുൺ നായർ
(മിന്നൽ)

Author: gajaveeran