ആനക്കുളിയും കൂടെ ചില കാര്യങ്ങളും

ആനക്കുളിയും കൂടെ ചില കാര്യങ്ങളും 2

ആനക്കുളിയും കൂടെ ചില കാര്യങ്ങളും.
**************************************
എണ്ണക്കറുപ്പിന് എഴഴകാണെന്ന്  നമുക്കറിയാം, ആ അഴകു കൂടണമെങ്കിലോ?നന്നായി കുളിക്കണം.
വളരെ നേരം നീന്താൻ കഴിയുന്ന ആനകള്‍ക്ക് നീന്തിയുള്ള കുളിയും ചളിയിൽ കിടന്നുള്ള ഉരുളിച്ചയും  വലിയ പ്രിയമാണ്. കുളി അത് മനുഷ്യനായാലും മൃഗമായാലും നിർബന്ധമായ കാര്യം ആണ്. നമ്മൾ കാണുമ്പോൾ ആനയെ കുളിപ്പിക്കുന്നു, അത്രയെ ഒള്ളു, എന്നാൽ മൂന്നും നാലും ആൾക്കാർ മണിക്കൂറുകൾ കുറഞ്ഞത് മൂന്നു മുതൽ നാലു മണിക്കൂറുവരെ തേച്ചുരച്ചാണ് നല്ല രീതിയിൽ ഒരു ആനയെ കുളിപ്പിച്ചൊരുക്കുന്നത്.ഇതിനെ
വിശദമായ ആനക്കുളി എന്ന് പറയാം.ആനയുടെ നഖം തേച്ചുരച്ച് വെളുപ്പിച്ചെടുക്കൽ നല്ല പണിയാണ്. അതുപോലെ തന്നെ
ആനയ്‌ക്ക്‌ നല്ല ആരോഗ്യപരിപാലനം ആവശ്യമാണ്‌. അതുമാത്രല്ല അത്രയും തന്നെ പ്രധാന്യം അർഹിക്കുന്നതാണ് ആനയെ സന്തോഷിപ്പിച്ചു നിറുത്തുക എന്നതും. ദിവസവുമുള്ള കുളി ആനയ്‌ക്കു നിർബന്ധമാണ്‌. കല്ലും ചകിരിത്തൊണ്ടും ഉപയോഗിച്ചാണ്‌ അതിനെ തേച്ചുകുളിപ്പിക്കുന്നത്‌. കട്ടിയുള്ളതെങ്കിലും വളരെ മൃദുലവും സംവേദകത്വമുള്ളതുമാണ്‌ ആനയുടെ ചർമം.പൂരത്തിനോ വേലക്കോ കൊണ്ടുവരുന്ന ആനയെ ആണെങ്കിൽ കുളിപ്പിക്കുന്നത് മണിക്കൂറുകൾ ആണ്. നല്ലവണ്ണം തേച്ച്, ഉരച്ച് കുളിപ്പിച്ചെടുക്കാൻ പിടിപ്പത് പണിയാണുള്ളത്. അതുപോലെ
ചെളിമൂലം മങ്ങിയ കറുപ്പഴക് വീണ്ടെടുക്കുന്നതിനായാണിത്രയും വിസ്തരിച്ചുള്ള കുളി. പൂരത്തിന് അല്ലങ്കിൽ വേലകൾക്ക് വരുന്ന ഗജങ്ങൾക്ക് ദിവസങ്ങൾക്കുമുമ്പേ തുടങ്ങുന്നതാണ് പ്രതേക തരത്തിലുള്ള കുളിയുടെ പരിപാടികൾ. ഭരണി ഉണ്ടാക്കാനുപയോഗിക്കുന്ന കല്ലുപയോഗിച്ചാണ് ഇവയെ ഉരച്ചു വൃത്തിയാക്കുക. പ്രത്യേകം ഉണ്ടാക്കിയ ചെറുകുളത്തിലെ വെള്ളത്തിൽ കിടക്കുന്ന ആനയുടെ കൊമ്പിൽ കയറിനിന്നും തുമ്പിക്കൈ പിടിച്ചുമെല്ലാം പാപ്പാൻമാർ എല്ലാഭാഗവും വൃത്തിയാക്കിയെടുക്കും.

നമ്മുടെ ചെറുപ്പകാലത്ത് ആനയെ കുളിപ്പിക്കുന്നതു കാണുന്നതു തന്നെ വലിയ ആഘോഷമായിരുന്നു. ശരിക്കും ഞാനെക്കെ ഒരു വലിയ സംഭവമായിട്ടാണ് ആക്കാലങ്ങളിൽ കണ്ടിട്ടുളളത്. ആനയെ കുളിപ്പിക്കുന്നതു വിശദമായിക്കാണുന്ന കുട്ടികള്‍ അതേ ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും കൂടി പാപ്പാന്റെ കുളിയും വള്ളിപുള്ളി വിടാതെ കാണുമായിരുന്നു. ആനയെക്കൊണ്ടു തന്നെ വെള്ളം കോരിയൊഴിപ്പിച്ചു ഷവര്‍ബാത്ത് ചെയ്യിച്ചു കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അനുഭവിച്ചറിഞ്ഞിട്ടില്ല. അതുപോലെ പാപ്പാനെ ആന ഷവർബാത്ത് ചെയ്തതു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ നമുക്ക് ഒരു സംശയം ഉടലെടുക്കാം. കാട്ടിലെ ആനകൾ കുളിക്കുന്നുണ്ടോ എന്ന്, കട്ടിലെ താപനില എപ്പേഴും ചൂടു് സമയങ്ങളിൽ പോലും മുപ്പത് ഡിഗ്രിയിൽ താഴെ മാത്രമെ കാണുകയൊള്ളൂ. കാട്ടിലെ ആനകൾ ഭക്ഷണത്തിനും,  തണലിനും,  വെള്ളത്തിനുമായി  ഒരുപാട് ദൂരം നടക്കുന്ന പ്രകൃതമാണ് ആനക്കുള്ളത്.   അതുകൊണ്ട് അവർക്ക് വെള്ളം കണ്ടു പിടിക്കാനും ആവശ്യാനുസരണം കുടിക്കാനും കുളിക്കാനും സാധിക്കും.

പക്ഷെ നാട്ടിലെ സ്ഥിതി വളരെ വിത്യസ്ഥമാണ്. കാരണം നാട്ടിലെ ചൂട് കാടുകളെ അപേക്ഷിച്ച്‌ എപ്പോഴും കൂടുതലായിരിക്കും, മഴക്കാലങ്ങളിൽ അത്രയും പ്രശ്നം വരുന്നില്ല. ചൂട് കാലങ്ങളിൽ നാട്ടിലെ ആനകൾക്ക് എല്ലാ ദിവസം കുളിപ്പിക്കൽ അത്യാവശമാകുന്നു. മദപാടു കാലങ്ങളിൽ കുളിപ്പിക്കൽ ബുദ്ധിമുട്ടാണ്, അപ്പോൾ വലിയ പൈപ്പിൽ കൂടിയോ, അല്ലാതെയോ ദൂരെ നിന്നൊക്കെ ശരീരത്തിൽ വെള്ളം ഒഴിച്ചു കൊടുക്കാൻ നോക്കും.ഈ അടുത്തിടയിൽ പത്രങ്ങളിൽ വായിക്കുകയുണ്ടായി കൊടും കുടിൽ മദപാടിൽ നിൽക്കുന്ന ആനയുടെ ചൂട് ശമിപ്പിക്കാനായി ആനകൊട്ടിലിന്റെ മുകളിൽ പൈപ്പിട്ട് നിരന്തരമായാ ഷവർ ചെയ്ത് കൊടുത്തതുമെല്ലാം നമുക്കറിയാവുന്ന കാര്യങ്ങൾ ആണ്. സ്ഥലം തളിപ്പറമ്പ് രാജേശ്വരി ക്ഷേത്രിൽ നീരിൽ നിന്ന ഗണപതി ആനക്കു വേണ്ടി.
സ്വന്തം മക്കളെ പോലെ ആനകളെ നോക്കുന്ന ചില ഉടമകൾ വളരെ ശ്രദ്ധയോടെയാണ് പരിചരിക്കുന്നത്. അവർ ഷവർ ബാത്ത് അടക്കമുള്ള എല്ലാവിധ സുഖ സൗകര്യങ്ങളും അവരുടെ ആനകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
കോന്നി ആനക്കൊട്ടിൽ പോയാൽ നമുക്ക് കാണാൻ സാധിക്കും ആനകൾ കുളിക്കുന്നതു കാണാനുള്ള(ഷവർ ബാത്ത്) സൗകര്യമുണ്ട്. ഇക്കോ ടൂറിസം സെന്ററിന്റെ മറ്റൊരു പ്രധാന ആകർഷണമായി നമുക്കിതിനെ കാണാം. ഈ അടുത്തിയിൽ തമിഴ്നാട്ടിൽ ഒരു ആനയ്ക്ക് കുളിക്കാൻ ഇരുപത് ഷവർ ഉള്ള കുളിപ്പുര പണിതു കൊടുത്തത് നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്,തൃച്ചി തിരുവാണിക്കാവിൽ ജംബുകേശര കോവിൽ, അവിടെയുള്ള അമ്പലത്തിലെ ആനയാണ് . അതു മാത്രമല്ല ആനയുടെ സന്തോഷം സോഷ്യൽ മീഡിയ വഴി നമ്മൾ കാണണ്ടതാണ്. ആനകൾ വെള്ളം എറെ ഇഷ്ടപെടുന്ന ജീവികളാണ്, അതുപോലെ വെള്ളത്തിൽ ഒരുപാടു് നേരം ചിലവഴിക്കാനും നല്ലതുപോലെ നീന്താനും അറിയുന്നവരാണ്.
സാധാരണ ഗതിയില്‍ ആനകള്‍ ഏറെ നടന്നു കഴിഞ്ഞാല്‍ കുറച്ചു നേരം തണലത്തു നിന്ന ശേഷമേ വെള്ളത്തില്‍ ഇറങ്ങുകയുള്ളൂ.അതാണ് ശീലം.ഒരു കാരണവശാലും ശരീരം നന്നായി ചൂടായിരിക്കൂമ്പോൾ വെള്ളം കൊടുക്കുകയോ വെളളത്തിൽ ഇറക്കാനോ പാടില്ല.സാധാരണ മനുഷ്യർ ചെയ്യുന്നുതു പോലെ തന്നെ.

അതുപോലെ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത ഇന്‍ഫ്രാസോണിക്കും അള്‍ട്രാസോണിക്കും ഫ്രീക്വന്‍സികളിലുള്ള ശബ്ദവും ആനകള്‍ക്ക് കേള്‍ക്കാനാകും. ആനകള്‍ അള്‍ട്രാസോണിക്ക് ശബ്ദം വഴിയാണ് തമ്മില്‍ ആശയവിനിമയം നടത്താറ്. മസ്തകത്തിനും തുമ്പികൈയ്ക്കും ഇടയിലുള്ള ഭാഗം കൊണ്ടാണ് ആന ഈ ശബ്ദം ഉണ്ടാക്കുന്നത്. ഇതാണ് ആനയുടെ തല വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന സമയത്ത് വെള്ളത്തില്‍ അലകളായി കാണുന്നത്. കാല്‍പ്പാദങ്ങളിലൂടെയും ആനയ്ക്ക് കേള്‍‍ക്കാനാകുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭൂമികുലുക്കവും മറ്റും ആനകള്‍ നേരത്തേ മനസ്സിലാക്കുന്നത് അങ്ങിനെയാണെന്ന് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 
ആന കുളിയെക്കുറിച്ച് എഴുതാൻ ഇനിയും ഒരുപാടു കാര്യങ്ങൾ ബാക്കി…..
…ഹാരിസ് നൂഹൂ…