വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521. ഇതിൽ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ കണ്ണനാണ് (9 മാസം). പ്രായം കൂടിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്).
ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയുവാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്കു പുറമേ ആനകളുടെ ഡി.എൻ.എ. പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പികെ,
കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരത്തിൽ ഉൾപ്പെടും.
– ഏറ്റവും കൂടുതൽ ആനകളുള്ള ജില്ല തൃശ്ശൂരും, കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശ്ശൂരിൽ നിന്നും ലഭിച്ചപ്പോൾ 3 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽ നിന്നും ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസർഗോഡാണ്. ജില്ലകളിലെ സാമൂഹ്യവനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ, ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്കോഡുകൾ രൂപീകരിച്ചാണ് സെൻസസ് നടപടികൾ പൂർത്തിയാക്കിയത്. ആകെ 87 കോഡുകളാണ് ഉണ്ടായിരുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് വിവരസമാഹരണം നടത്തിയത്. ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കി എന്ന പ്രത്യേകതയും നാട്ടാന സെൻസസിനുണ്ട്.
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ആനകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്. വിശദമായ സെൻസസ് റിപ്പോർട്ട് ഡിസംബർ 31-നുള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.കെ.കേശവൻ അറിയിച്ചു.
ജില്ല തിരിച്ചുള്ള ആനകളുടെ എണ്ണം:
- തിരുവനന്തപുരം-48,
- കൊല്ലം-61,
- പത്തനംതിട്ട-25,
- ആലപ്പുഴ-20,
- കോട്ടയം-64,
- ഇടുക്കി- 48,
- എറണാകുളം-23,
- തൃശൂർ-145,
- പാലക്കാട്- 55,
- മലപ്പുറം-7,
- കോഴിക്കോട്- 12,
- വയനാട്-10,
- കണ്ണൂർ-3.