ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം
******************************************
അനേകായിരങ്ങള്‍ പുണ്യദര്‍ശനത്തിനെത്തുന്ന ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്‌ ഗുരുവായൂര്‍ ക്ഷേത്രം. പ്രൗഢികൊണ്ടും പ്രശസ്തികൊണ്ടും ഗുരുവായൂര്‍ ലോകത്തിനു മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓരോദിവസം ചെല്ലുംതോറും തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഈ അടുത്തിടയിൽ ഭാരതത്തിന്റെ പ്രധാന പൗരൻ നമ്മടെ പ്രധാനമന്ത്രി ശ്രി.നരേന്ദ്ര മോഡിയും ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഭാരതത്തില്‍ മറ്റൊരു ക്ഷേത്രത്തിലും ദര്‍ശിക്കാന്‍ കഴിയാത്ത ഗജസമ്പത്ത്‌ ഗുരുവായൂരിലുണ്ട്‌. ആനകളെ സംരക്ഷിക്കാന്‍ പുന്നത്തൂര്‍ കൊട്ടാരം കേന്ദ്രമാക്കി ആനക്കോട്ടതന്നെ ഒരുക്കിയിരിക്കുന്നു.

കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നുമുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കും.എകദേശം മുപ്പതോളം ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകളാണ് വരാൻ പോകുന്നത്. ഔഷധക്കൂട്ട് നിറച്ച ചോറുരുള നൽകി കൊണ്ടായിരിക്കും സുഖചികിത്സയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.ഈ വർഷത്തെ സുഖ ചികിത്സയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്‌ എ.എം.വിജയകുമാർ കെ.ടി.ഡി.സി ചെയർമാൻ മുൻ മന്ത്രിയും കേരള നിയമസഭാ സ്പീക്കറുമായിരുന്നു. സമയം ജൂലൈ ഒന്ന് തിങ്കളാഴിച്ച ഉച്ചക്ക് മൂന്ന് മണിക്ക് ഗുരുവായൂർ ആന താവളത്തിൽ.

ഉത്സവങ്ങളുടെ തിരക്കിലും വേനൽച്ചൂടിന്‍റെ കാഠിന്യത്തിലും നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുകയാണ് സുഖചികിത്സയിലൂടെ ഗുരുവായൂരപ്പന്‍റെ ആനക്കോട്ടയിലെ നാല്പത്തി എട്ടിൽ പരം കരിവീരന്മാരിൽ നിന്നും മുപ്പതോളം ആനകൾ. തിങ്കളാഴിച്ച മുതൽ ആനകളുടെ സുഖ ചികിത്സ ആരംഭിക്കും. ഗുരുവായൂർ പദ്മനാഭനടക്കമുള്ള മറ്റ് ആനകൾക്കും മദപ്പാടിന് ശേഷം ചികിത്സ നൽകാനാണ് തീരുമാനം. ദിവസവും കുളി, ഔഷധക്കൂട്ടുകൾ ചേർന്ന ചോറുരുള, ചവനപ്രാവശ്യം, അഷ്ടചൂർണംതുടങ്ങി ഔഷധസേവ. ആയുർവേദ അലോപ്പതി മരുന്നുകളുടെ സംയുക്ത ചികിത്സയാണ് കരിവീരന്മാർക്ക് നൽകുന്നത്.

ഇവിടെ ആന വിദ്ധക്തരുടെയും ഡോക്ടർമാരുടെയും
മേൽനോട്ടത്തിലാണ് ചികിത്സ.പന്ത്രണ്ടു മുതൽ
പതിനഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക ആനകളുടെ സുഖചികിത്സയ്ക്കായി ദേവസ്വം വകയിരുത്തിയിട്ടുള്ളത്. കർക്കിടകം പിറക്കുന്നതോടെ മറ്‍റ് ദേവസ്വങ്ങളും സ്വകാര്യ ആന ഉടമകളും ഗജവീരന്മാർക്കായി സുഖചികിത്സ നൽകും. മദപാടിലുള്ള ആനകൾക്ക് മദപാട് കുറയുന്ന മുറക്ക് സുഖചികിത്സ നൽകും.

രാവിലെ 7 മുതല്‍ 12 വരെ വിസ്തരിച്ച്‌ തേച്ചുകുളിയാണ്‌ സുഖചികിത്സയുടെ ആദ്യപടി. തുടര്‍ന്ന്‌ പതിവ്‌ ആഹാരങ്ങളായ പട്ടയും പുല്ലും. വൈകീട്ട്‌ 3 മണിയോടെയാണ്‌ സുഖചികിത്സയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ആനകള്‍ക്ക്‌ നല്‍കുക. ചോറ്‌, ചെറുപയര്‍, മുതിര, മിനിറല്‍ മിക്സ്ചര്‍, മഞ്ഞപ്പൊടി, ച്യവനപ്രാശം, അഷ്ടചൂര്‍ണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണമാണ്‌ നല്‍കുക. ഇതോടൊപ്പം എരണ്ടകെട്ടിനുളള മരുന്നുകളും കൊടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഈ 30 ദിവസ കാലയളവില്‍ ഈ ആനകള്‍ക്ക്‌ പുറത്തിറങ്ങേണ്ടി വരുന്നുള്ളു.
സുഖചികിത്സ കഴിയും വരെ വേറെ ഒരു പരിപാടിക്കും ഇവയെ ആനക്കോട്ടയ്ക്ക്‌ പുറത്തിറക്കില്ല. തേച്ചുകുളി, സുഖഭക്ഷണം, മയക്കം. ആര്‍ക്കും കൊതിതോന്നുന്ന 30 ദിവസത്തെ സുഖചികിത്സ കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന ആനകള്‍ക്ക്‌ 250 മുതല്‍ 500 കിലോ വരെ തൂക്കം കൂടിയിരിക്കും.

ആനകളുടെ സുഖചികിത്സ കാണാനായി ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറും. സാധാരണ ദിവസങ്ങളില്‍ അയ്യായിരം മുതല്‍ പതിനായിരം സന്ദര്‍ശകര്‍ വരെ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ട കാണാനെത്താറുണ്ട്‌. ഇതില്‍ വിദേശികളും ഉള്‍പ്പെടും. രാവിലെ എട്ടുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ സന്ദര്‍ശകസമയം. സുഖചികിത്സയുടെ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടും. ഈ സന്ദര്‍ശകര്‍ തന്നെ ആനക്കോട്ടയ്ക്ക്‌ നല്ലൊരു വരുമാനമാണ്‌ നല്‍കുന്നത്‌.
…ഹാരിസ് നൂഹൂ…

Author: Haris Noohu