ആനയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം

കുറെ തലമുറകളായെങ്കിലും കേരളീയര്‍ക്ക് ആനയോട് ആദരവാണ്. പല രാജ്യങ്ങളിലും ആനയുണ്ടെങ്കിലും പലേടത്തും ഇങ്ങനെ ആനയെ മെരുക്കാറില്ല. തായ്‌ലാന്‍ഡിലും ശ്രീലങ്കയിലും ഇതുപോലെ മെരുക്കാറുണ്ടെങ്കിലും അവിടെയൊന്നും നമ്മുടെ നാട്ടിലെപ്പോലെ ആന പൊതുജീവിതത്തിന്റെ ഭാഗമാകാറില്ല. ആനകള്‍ ഐതിഹാസിക കഥാപാത്രങ്ങളായി പേരും പെരുമയും നേടുന്ന നാട് വേറെ ഉണ്ടോ എന്നും ‘ ഗുരുവായൂര്‍ കേശവനെ’പ്പോലെ ഒരാനയുടെ ഓര്‍മ അനശ്വരമാക്കുന്നതിന് ഏതെങ്കിലും നാട്ടില്‍ സിനിമ നിര്‍മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല ????

അച്ഛനില്‍ നിന്ന് കഥകള്‍ കേട്ട് വളര്‍ന്നൊരു മലയാളിയാണ് ഞാന്‍. കഥ വായിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ ഐതിഹ്യമാലയിലെ കഥകളെല്ലാം ഞാന്‍ കേട്ടറിഞ്ഞിരുന്നു. മംഗലാംകുന്ന് ഗണപതിയുടെയും പാറമേക്കാവ് പരമേശ്വരന്റെയും കഥകള്‍ ഇക്കൂട്ടത്തില്‍ പെടും. മലയാളിരക്തം ഉള്ളിലുള്ള എനിക്ക് ആനയെ ഒരു സുന്ദരമൃഗമായേ കാണാനൊക്കൂ, അവ വെറുതെ നില്‍ക്കുന്നതും തിന്നുന്നതുമെല്ലാം ഞാനും നോക്കിനില്‍ക്കാറുണ്ട്????

ജീവിതമാർഗ്ഗം എന്നതിനുമപ്പുറം ആനക്കമ്പം കൊണ്ടുതന്നെയാണ്‌ ഒരാൾചട്ടക്കാരനാകുന്നത്‌. എന്റെ വീടിന്റെയടുത്ത്‌ #ആനപേരൂർ തറവാട്ടിൽ ആനകൾ ഉണ്ടായിരുന്നു.അതിനെക്കണ്ട്‌ ഹരം കയറിയാണ്‌ ഞാനും ഒരു ആന കമ്പ കാരൻ ആയതു????

ചെറുപ്പത്തിൽ ആനയുടെ പുറകെ നടക്കുക തന്നെയായിരുന്നു പണി. ആനയ്‌ക്ക്‌ തീറ്റവെട്ടുക, ഉത്സവപ്പറയ്‌ക്കു പോകുമ്പോൾ തേങ്ങ പിടികുക , ആനയെ കുളിപ്പിക്കാൻ സഹായിക്കുക ഇതൊക്കെയാണ്‌ ആദ്യം ചെയ്‌തിരുന്നത്‌????

പാപ്പാന്മാരുടെ ക്രൂരതകളെപ്പറ്റി എല്ലാവരും പറയാറുണ്ട്‌. സംഗതി കുറച്ച്‌ ശരിയുമാണ്‌. പാപ്പാൻമാർ ആനയെ തല്ലാറുണ്ട്‌. ക്രൂരമായി ഭേദ്യം ചെയ്യാറുമുണ്ട്‌. ചിലർ അനാവശ്യത്തിന്‌ ചെയ്യുമ്പോൾ ചിലരിത്‌ ആവശ്യത്തിനാണ്‌ ചെയ്യുന്നത്‌. ഒരാനയെ തല്ലി മാത്രമെ നമുക്ക്‌ മെരുക്കാൻ പറ്റൂ. ഏതാണ്ട്‌ ഒരു വർഷം വേണം പുതിയൊരു ചട്ടക്കാരന്‌ ആനയുമായി സെറ്റാകാൻ. ഇതൊരു കാട്ടുമൃഗമാണ്‌, ഇതിന്റെ സ്വഭാവം എപ്പോഴാണ്‌ മാറുക എന്ന്‌പറയാൻ പറ്റില്ല. ഇവനെ എത്ര സ്‌നേഹിച്ചാലും, ഒരുനിമിഷം കൊണ്ട്‌ നമ്മൾ നല്‌കിയ സ്‌നേഹമെല്ലാം മറന്നു കളയും. ആന ഒരിക്കലും സ്‌നേഹം കൊണ്ടല്ല നമ്മെ അനുസരിക്കുന്നത്‌. അടിയുടെ ചൂടിനെ ഓർത്തിട്ടാണ്‌????

സ്‌നേഹം രണ്ടാമതെ വരൂ. പുതുതായി എത്തുന്ന ഏതു ചട്ടക്കാരനെയും ആന ഓടിക്കും. പിന്നെ ചട്ടക്കാരനു രക്ഷ വടിയും കോലുമാണ്‌. വടികൊണ്ട്‌ അഴിക്കാവുന്ന ആനയാണെ ങ്കിൽ, അതിന്റെ വലിവിന്‌ രണ്ട്‌ അടി കൊടുത്ത്‌ അങ്ങോട്ടുമിങ്ങോട്ടും ഇരുത്തി, ചരിച്ചു കിടത്തിയൊക്കെ നോക്കും. അനുസരിക്കാത്ത ആനകളെ കടന്നു ഭേദ്യംചെയ്യേണ്ടിവരും. അപ്പോൾ മാറിനിന്ന്‌ കോലിന്‌ ഇടിക്കും. അതുകൊണ്ടും ഒതുങ്ങാത്തവനാണെങ്കിൽ പഴയ ചട്ടക്കാരനൊപ്പം നിന്ന്‌ ആനയുമായി സെറ്റാകേണ്ടിവരും????

പാപ്പാന്മാർ കളളുകുടിയന്മാരാണെന്ന കുറ്റവും ഏറെയുണ്ട്‌. ഏതാണ്ട്‌ ഭൂരിഭാഗം പാപ്പാന്മാരും കുടിക്കും. ലഹരിയേറുമ്പോൾ ചില പാപ്പാന്മാർ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്‌. എങ്കിലും ഇത്തിരി കുടിക്കാതെ ഇതിനെ മേയ്‌ക്കുവാൻ പാടാണ്‌. അൽപ്പം ധൈര്യം കിട്ടാൻ വേണ്ടി കുടിക്കുന്നത്‌ നല്ലതാണ്‌. നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു ബസ്സപകടം നടന്നാൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടം ഉണ്ടായാലും, ഏതൊരുവനും അവൻ ഡ്രൈവറായാലും ആരായാലും സ്വയംരക്ഷയെ ആദ്യം നോക്കൂ. എന്നാൽ ആനയിടഞ്ഞാൽ ആദ്യം പാപ്പാനോടി എന്ന്‌ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഏത്‌ ഇടഞ്ഞ കൊമ്പന്റെ മുന്നിലും പാപ്പാൻ ചെല്ലും. തന്നെ തട്ടിയിട്ടു മതി മറ്റൊരാൾ എന്ന തൊഴിലിനോടുളള സത്യസന്ധത ഓരോ പാപ്പാനും ഉണ്ടായിരിക്കും????

ഇത്‌ ആപ്പീസിലിരുന്ന്‌ കടലാസിൽ എഴുതണ ജോലി പോലല്ല. ജീവൻ വച്ചൊരു കളിയാണേ. അപ്പോൾ കുറച്ചൊക്കെ കുടിക്കാം. ആന ഇടയുമ്പോൾ ചട്ടകാർ അവരുടെ കുടുംബത്തെ ഓർക്കാറില്ല. ചുറ്റും നില്‌ക്കുന്ന മനുഷ്യരെക്കുറിച്ചായിരിക്കും ചിന്ത????

വെറുതെ നില്‌ക്കുന്ന ആനയെ തല്ലുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. കാരണമില്ലാതെ എന്തിനാണ്‌ തല്ലുന്നതെന്നോർത്ത്‌ പാപ്പാനോട്‌ നിങ്ങൾക്ക്‌ ദേഷ്യവും തോന്നും. പക്ഷെ അവന്റെ നില്പിലെ പന്തിക്കേട്‌ പാപ്പാനു മാത്രമെ മനസ്സിലാകൂ????

ആന സ്‌നേഹം കാണിക്കുന്നതും ആനയെ സ്നേഹിക്കുന്നവർക്കേ തിരിച്ചറിയാനാവൂ. സ്‌നേഹം കൂടുമ്പോൾ അവൻ തലയാട്ടും, കണനീട്ടി മൂത്രമൊഴിക്കും; കുറുകുറുവെന്ന്‌ ശബ്‌ദമുണ്ടാക്കും. ഇതൊന്നുമില്ലാതെ മറ്റൊരു തഞ്ചത്തിൽ അവൻ നിന്നാൽ നാം സൂക്ഷിക്കണം. അപ്പോൾ രണ്ടടി കൊടുത്ത്‌ ഒതുക്കണം. ഇത്‌ മറ്റുളളവർക്ക്‌ മനസ്സിലാകില്ല????

ആനയെ തല്ലുന്നതു മാത്രമെ അവർ കാണൂ. മദപ്പാടുളള ആനയെ നിയന്ത്രിക്കാൻ കഞ്ചാവും അമോണിയം സൾഫേറ്റുമൊക്കെ പണ്ട്‌ കൊടുക്കുമായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. ഇപ്പോൾ അങ്ങിനെ ചെയ്യാറില്ല. ഒലിവുകാലത്തെ ആനയെ ശാന്തനാക്കാൻ ഇംഗ്ലീഷ്‌ മരുന്നാണ്‌ ഇപ്പോൾ ഉപയോഗിക്കുക????

പാപ്പാന്മാർ സ്‌ത്രീലമ്പടന്മാരാണ്‌ എന്ന അപവാദവും ഉണ്ട്‌. അത്‌ പൂർണ്ണമായും തെറ്റാണെന്ന്‌ പറയാൻ പറ്റില്ല. ആനക്കാരെല്ലാം സ്‌ത്രീലമ്പടരല്ല. മറിച്ച്‌ ആനക്കാരനെ സ്‌ത്രീകൾക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. പണ്ട്‌ പാപ്പാന്മാർക്ക്‌ ചെല്ലുന്ന ദിക്കിലെല്ലാം കുടുംബമുണ്ടാകും എന്നാണ്‌ ചൊല്ല്‌. ആനയെ മെരുക്കുന്നവന്റെ ധൈര്യം സ്‌ത്രീകൾ ഇഷ്‌ടപ്പെടുന്നു എന്നതാണ്‌ സത്യം????

സിനിമയിലൊക്കെ ഡ്യൂപ്പിട്ട്‌ അഭിനയിച്ച്‌ കൈയ്യടിനേടുന്ന നായകന്മാരെ എത്ര പെണ്ണുങ്ങളാണ്‌ ആരാധിക്കുന്നത്‌. ഇവിടെ നേരിട്ട്‌ കൊമ്പനെ മെരുക്കുന്ന ചട്ടക്കാരെ കുറച്ചു സ്‌ത്രീകൾ ആരാധിച്ചാൽ അത്‌ തെറ്റാകുമോ?

ആനയോടൊപ്പം നില്‌ക്കുന്ന ഓരോ നിമിഷവും ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌ ഒലിവുകാലത്ത്‌. കാരണം ഇതൊരു കാട്ടുമൃഗമാണ്‌. ഇതിനെ പൂർണ്ണമായും ഇണക്കാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ തല്ലിനെ പേടിച്ചാണ്‌ ഇവർ നമ്മെ അനുസരിക്കുന്നും സ്‌നേഹിക്കുന്നതും. എപ്പോഴായാലും ഒരു കാട്ടുമൃഗം അതിന്റെ സ്വഭാവം കാട്ടും????

എന്റെ മനസിലും ഞാൻ കണ്ടതും ആയ കാര്യങ്ങൾ ഇവിടെ കുറിച്ചത് .ആന പ്രേമികൾക്കും മൃഗസ്‌നേഹികൾക്കും എന്തുവേണമെങ്കിലും പറയാം????

പക്ഷെ ആനയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാര്ക്കെ അവനെ കൃത്യമായി മനസിലാകാൻ കഴിയു..!!

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *