സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും അനന്യതയും സവിശേഷതയും തിരിച്ചറിയാനും കൃത്യതയോടെ സൂക്ഷിക്കാനും ഉപകരിക്കുന്ന ഡി.എന്‍.എ. ഡേറ്റാ ബേസ് തയ്യാറായി. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ വനം വകുപ്പാണ് രാജ്യത്തിന് മാതൃകയായ ഈ പദ്ധതി വിജയപഥത്തില്‍ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ നാട്ടാനകളുടെയും ഡി.എന്‍.എ. പ്രോഫൈലിംങ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. വനംവകുപ്പ് ശേഖരിച്ചുനല്‍കിയ നാട്ടാനകളുടെ രക്തസാമ്പിളുകളില്‍ നിന്നും മൈക്രോ സാറ്റലൈറ്റ് മാര്‍ക്കേഴ്സ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഓരോ ആനകളുടെയും ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തുള്ള 519 നാട്ടാനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങളാണ് ഇപ്പോള്‍ ഡേറ്റാബേസിലുള്ളത്. ലഭ്യമായ വിവരങ്ങള്‍ പ്രായോഗിക തലത്തില്‍ ഉപയോഗപ്രദ മാക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന വനം വകുപ്പ്.
ആനഉടമസ്ഥര്ക്കു നല്കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇനിമുതല്‍ ഡി.എന്‍.എ. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ക്യൂ. ആര്. കോഡ് സഹിതമുള്ള തിരിച്ചറിയല്‍ കാര്‍ഡും വകുപ്പ് നല്‍കും. ആനയുടെ സവിശേഷതയും, ഉടമസ്ഥാവകാശവും സംബന്ധിച്ച് തര്‍ക്കങ്ങളോ പരാതികളോ ഉയര്‍ന്നുവരുന്ന സന്ദര്‍ഭങ്ങളില്‍ കൃത്യവും സൂക്ഷ്മവും സുതാര്യവുമായ തീരുമാനങ്ങള്‍ വേഗത്തില്‍ കൈകൊള്ളാന്‍ ഈ ഡേറ്റാ ബേസ് സഹായിക്കും. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടും ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് വിശദാംശങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള, മുഖ്യവനം മേധാവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പി.കെ. കേശവന് കൈമാറി. നാട്ടാനകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ ബയോഡൈവേഴ്സിറ്റി സെല്‍ എ.പി.സി.സി.എഫ്. പത്മാ മഹന്തി ആമുഖപ്രഭാഷണം നടത്തി. പ്രോജക്ട് സയന്റിസ്റ്റും അസോ.ഡീനുമായ ഡോ. ഇ.വി.സോണിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആര്.ജി.സി.ബി.ഡീന്‍ ഡോ. കെ. സന്തോഷ് കുമാര്‍ സ്വാഗതവും, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പ്രവീണ്‍ നന്ദിയും പറഞ്ഞു.