ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകളില്‍ ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന-അതാണ് കലീം എന്ന ആനമല കലീം. കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം.ആനകളുടെ വംശത്തിലെ വര്‍ഗവഞ്ചകന്‍ – സത്യത്തില്‍ താപ്പാനകളെ അങ്ങനെയല്ലേ വിളിക്കേണ്ടത്! ആളൊരു താപ്പാനയാണ് എന്നപ്രയോഗത്തിനും നമ്മള്‍ മനുഷ്യര്‍ക്കിടയില്‍ അത്ര സുഖമുള്ള അര്‍ത്ഥമാണ് നിലവിലുള്ളതെന്നും തോന്നുന്നില്ല. വാരിക്കുഴിയില്‍ വീഴുന്ന ആനകളെ, അഥവാ ചതിച്ചുവീഴ്ത്തപ്പെടുന്ന ആനകളെ, കുഴിയില്‍നിന്നു കരയ്ക്കു കയറ്റുവാനും പിന്നെ ആനക്കൂട് വരെ എത്തിക്കുവാനുമൊക്കെ മനുഷ്യര്‍ക്കുവേണ്ടി മുമ്പിട്ടിറങ്ങുന്ന പരിശീലനം സിദ്ധിച്ച നാട്ടാനകളാണ് താപ്പാനകള്‍.കേരളത്തില്‍ ആനപിടുത്തം നിരോധിക്കപ്പെടുകയും കോന്നിയും കോടനാടും പോലെയുള്ള ആനക്യാമ്പുകള്‍ മെല്ലെമെല്ലെ നിര്‍ജ്ജീവാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. എന്നാല്‍, കാട്ടിലേതെങ്കിലും ആന അപകടത്തില്‍പ്പെടുകയോ, മറ്റുള്ള ജീവികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുംവിധം അപകടകാരിയായി മാറുകയോ ചെയ്യുമ്പോഴാണ് അവയെ പിടിക്കേണ്ടിവരുന്നതും താപ്പാനകളുടെ സേവനം ആവശ്യമായിവരുന്നതും. അങ്ങനെ ആരെങ്കിലുമൊരാള്‍ പ്രശ്‌നക്കാരനായി മാറിയാല്‍, ഏതെങ്കിലുമൊരു കാട്ടാനയെ കയ്യാമംവെച്ച് ആനക്കൂട് എന്ന കാരാഗൃഹംവരെ എത്തിക്കാന്‍ പോന്ന കരുത്തരായ താപ്പാനകളുടെ ആവശ്യം ഉണ്ടായാല്‍ നമ്മള്‍ മലയാളികള്‍ മാത്രമല്ല, കര്‍ണ്ണാടകവും അസാമും ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങള്‍ പോലും ഇപ്പോള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് തമിഴ്‌നാട് വനംവകുപ്പിന് കീഴിലുള്ള ടോപ്് സ്ലിപ് ആന ക്യാനമ്പിലേക്കാണ്.

പൊള്ളാച്ചിക്ക് സമീപമാണ് ടോപ് സ്ലിപ്. ടോപ് സ്ലിപ് ക്യാമ്പിലെ പേരുംപെരുമയുമുറ്റ താപ്പാനകള്‍ക്കിടയിലെ ഉഗ്രപ്രജാപതി; അല്ലെങ്കില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്. അതാണ് കലീം എന്ന ആനമല കലീം. ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന.' കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം. ഒരു ദൗത്യമേറ്റെടുത്ത് രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ രണ്ടിലൊന്നറിയാതെ അങ്കത്തട്ടില്‍ നിന്നും തിരിച്ചിറങ്ങാത്ത ആനച്ചേകവര്‍; അതെ ഒത്തിരിയൊത്തിരി നാടുകള്‍ കറങ്ങിയിട്ടുള്ള ഒട്ടനവധി ആന തീവ്രവാദികളെ തുറങ്കില്‍ അടച്ചിട്ടുള്ള ഈ പടനായകന്‍ ഒരിക്കല്‍ പോലും പരാജയത്തിന്റെ കയ്പ്പറിഞ്ഞിട്ടില്ലെന്നു കേള്‍ക്കുമ്പോള്‍ ഓര്‍ത്തുകൊള്ളുക,

ഈ ആനടൈസന്റെ അപാരമായ പ്രഹരശേഷി.പാപ്പാന്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെന്തോ അത് നിര്‍ഭയമായി അക്ഷരംപ്രതി നടപ്പിലാക്കുക എന്നതാണ് ഒരു താപ്പാനയുടെ മുഖ്യ ചുമതല. കലാപകാരികളായ കാട്ടാകളെ നേരിടുമ്പോള്‍ ഒരേസമയം സ്വന്തം ജീവനും പാപ്പാന്റെ ജീവനും കാത്തുസൂക്ഷിക്കുകയെന്ന ഇരട്ട ചുമതലയും താപ്പാനയുടെ ചുമലിലാകും. കലീം എന്ന ആനയുടെ ജീവിതത്തില്‍ പഴനിസാമി എന്ന പാപ്പാന്റെ പ്രസക്തി വളരെയേറെയാണ്. നല്ലൊരു ശതമാനം ആനകളും നട്ടപ്രാന്തിന്റെ അവസ്ഥയിലാകുന്ന മദപ്പാടുകാലത്തുപോലും അവരുടെ ബന്ധത്തിന് തെല്ലും ഉലച്ചിലുണ്ടാവില്ല. അത്രമേല്‍ നല്ലപിള്ളയാണ് പഴനിസാമിക്ക് കലീം. പക്ഷെ, ഈ നല്ലപിള്ളയ്ക്ക് അത്ര നന്നല്ലാത്ത മറ്റൊരുമുഖം കൂടിയുണ്ട്. ഒരുപക്ഷെ ഈ ലോകത്തുതന്നെ മറ്റൊരു നാട്ടാനയ്ക്കും അവകാശപ്പെടാന്‍ കഴിയാത്തവിധമുള്ള ഒരു കത്തിവേഷം! കനകവും കാമിനിയുമാണ് മനുഷ്യരുടെ കലഹത്തിന് കാരണമെങ്കില്‍, കാമിനിതന്നെയാണ് കലീമിന്റെയും വീക്ക്‌നസ്. എപ്പോള്‍ ഏതുനേരത്താണ് കലീമിന് പൂതിയിളകുക എന്നുപറയുക പ്രയാസം. അങ്ങിനെ, കയ്യില്‍ കിട്ടിയ കല്യാണസൗഗന്ധികവും പറിച്ച് കാമിനിയെത്തേടി എത്തുന്നനേരത്ത് അവളുടെ ചാരത്ത് മറ്റേതെങ്കിലും ഒരുത്തനുണ്ടെങ്കില്‍ പിന്നെ നോക്കേണ്ട; അതോടെ അവന്റെ പണി തീര്‍ന്നു! ആ നിമിഷം കുത്തിമലര്‍ത്തും. ചുരുക്കിപ്പറഞ്ഞാല്‍ കണ്ണില്‍ചോരയില്ലാത്ത ഒരു കലാപക്കാതലന്‍.ഇതിനകം കുറഞ്ഞത് നാലോ അഞ്ചോ കൊമ്പന്‍മാരെങ്കിലും കലീമിന്റെ രോഷാഗ്നിക്ക് ഇരകളായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. മോഹന്‍, സോമന്‍, ഐജി.അങ്ങനെ ചില നിര്‍ഭാഗ്യവാന്‍മാര്‍. ഭാഗ്യം കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടവരും ചിലരൊക്കെയുണ്ട്. പണ്ടൊരിക്കല്‍ വിതുരക്കടുത്ത് കൊലകൊല്ലിയെന്ന കാട്ടാനയെ പിടികൂടാന്‍ എത്തിയ സംഘത്തില്‍ തന്റെ തുണക്കാരനായി ഒപ്പമുണ്ടായിരുന്ന പല്ലവനെയാണ് ഏറ്റവും ഒടുവില്‍ കലീം കൊലപ്പെടുത്തിയത്