എന്തുകൊണ്ട് ആന പ്രസവം നാട്ടിൽ നടക്കാത്തത്?

കരയിലെ ഏറ്റവും വലിയ ജീവികളായ ആനകളും സസ്തനികളാണ്; കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ജീവികള്‍. ആനകളുടെ എടുപ്പും നടപ്പും എന്നപോലെ, ആനപ്രസവത്തിനും ഉണ്ട് അതിന്റേതായ സവിശേഷതകള്‍. ഇരുപത് മുതല്‍ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗര്‍ഭകാലം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും ദൈര്‍ഘ്യമേറിയതാണ്. ശാസ്ത്രീയമായി വലിയ അടിസ്ഥാനമുള്ളതല്ലെങ്കിലും, പന്തീരാണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആനപ്രസവം നടക്കാറുള്ളതെന്ന ഒരു പഴയ വിശ്വാസവും നമുക്കിടയില്‍ എങ്ങനെയോ പ്രചരിച്ചിരിക്കുന്നു. (മുതുമല ആനക്യാമ്പിലെ രതി ഉള്‍പ്പടെയുള്ള ചില ‘ഉദാരമനസ്‌കര്‍’ എട്ടും ഒമ്പതും തവണ പ്രസവിച്ച് കുടുംബാസൂത്രണ പ്രചാരകരെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നത് സമീപകാല ചരിത്രം).

ആനകള്‍ നാട്ടില്‍ പ്രസവിക്കുന്നത് അത്ര ശുഭകരമല്ലെന്ന വിശ്വാസം കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും പ്രചരിച്ചിരുന്നു. രണ്ടുവര്‍ഷം നീളുന്ന ഗര്‍ഭകാലത്തും, പ്രസവാനന്തരം തള്ളയെയും കുട്ടിയെയും പരിചരിക്കുന്നതിനും വര്‍ഷങ്ങളോളം ഒരു പിടിയാനയെ ചുമ്മാ വീട്ടില്‍നിര്‍ത്തി തീറ്റകൊടുത്താല്‍ കുടുംബം കുളംതോണ്ടുമെന്ന ചിന്താഗതിയാവാം, കുടുംബങ്ങളില്‍ ആനപ്രസവം നിരുത്സാഹപ്പെടുത്തുന്ന നിലപാടെടുക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ആനക്കുഞ്ഞിക്കാല് കാണുകയെന്നത് അത്ര നിസ്സാരമല്ലെന്ന് വ്യക്തം.

ജനനനിയന്ത്രണം ,ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നിവയുടെ നൈതിക ധാര്‍മിക സംവാദങ്ങള്‍ ഇന്നും തുടരുകയാണ്. അതിനിടയിലും, സന്താനോല്പാദനത്തിന് സമ്പൂര്‍ണ നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ജീവിവര്‍ഗം കേരളത്തിലുണ്ട്. നാസി തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരതകള്‍പോലും തോല്‍ക്കുംവിധവും, അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശലംഘനങ്ങളെ കടത്തിവെട്ടുംവിധവുമാണ് കേരളത്തിലെ നാട്ടാനകള്‍ക്കുമേല്‍ പ്രബുദ്ധ മലയാളി സന്താനോല്പാദന നിരോധനം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പ്രസവിക്കലും മക്കളെ പോറ്റലും മാത്രമല്ല, പ്രണയിക്കലും ഇണചേരലും പോലും അവര്‍ക്കിവിടെ നിഷിദ്ധമായിരിക്കുന്നു.

ഇതിനിടയിൽ കേരളത്തിൽ നടന്ന സംഭവം.
******************************************

ആനകള്‍ വീട്ടില്‍ പ്രസവിക്കുന്നത് അശുഭമാണെന്ന വിശ്വാസം; അഥവാ അന്ധവിശ്വാസം -അതാണ് നാട്ടാനപ്രസവങ്ങള്‍ക്കുമേലുള്ള ഏറ്റവുംവലിയ കരിനിഴല്‍. ഒപ്പം, മുത്തങ്ങയും പറമ്പിക്കുളവും കോന്നിയും പോലുള്ള ആനക്ക്യാമ്പുകള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ സര്‍ക്കാറുകള്‍ കാട്ടുന്ന ഗുരുതരമായ അലംഭാവവും. ആനകളുടെ സ്വതന്ത്രമായ ഇടപഴകലിനും പ്രത്യുത്പാദനത്തിനും ഒരളവ് വരെയെങ്കിലും അവസരം സൃഷ്ടിച്ചിരുന്നത് ഇത്തരം ആനക്ക്യാമ്പുകള്‍ ആയിരുന്നു. തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ആനക്ക്യാമ്പുകള്‍ ഇന്നും എത്ര സജീവമാണെന്ന് തിരിച്ചറിയാന്‍ വല്ലപ്പോഴുമെങ്കിലും നമ്മുടെ വനംവകുപ്പ്മന്ത്രിമാര്‍ അവിടെയൊക്കെ ഒന്ന് സന്ദര്‍ശിച്ചുവരുന്നത് നന്നായിരിക്കും.

നമ്മള്‍ മനുഷ്യരും നമ്മുടെ തലതിരിഞ്ഞ വിശ്വാസങ്ങളും ചേര്‍ന്ന് പാവം നാട്ടാനകളെ ഷണ്ഡീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതാണ് സത്യം.

പണ്ടുകാലത്ത് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ കേരളത്തില്‍ ചില ആനപ്രസവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നൊന്നര ദശകമായി ആ സ്ഥിതി മാറി. നാട്ടില്‍ ഒരാന പ്രസവിക്കുക എന്നാല്‍ അതു അത്യപൂര്‍വവും അത്യത്ഭുതവുമായി മാറി. അങ്ങനെ ആനപ്രസവം എന്നത് മലയാള മണ്ണിലെ പുതുതലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി മാറിക്കൊണ്ടിരിക്കെ, ആനപ്രേമികളെയാകെ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിച്ചുകൊണ്ട് ‘മാനത്തുനിന്നും പൊട്ടിവീണ’ അത്ഭുതപരതന്ത്രക്കുട്ടന്‍ – അവനാണ് പുത്തന്‍കുളം ശിവന്‍. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം സാക്ഷ്യംവഹിച്ച രണ്ട് നാട്ടാനപ്രസവങ്ങളില്‍ ഒന്നിലെ തങ്കത്തിരുമകന്‍; കൊല്ലം പരവൂരിന് സമീപമുള്ള പുത്തന്‍കുളം ഷാജിയുടെ ആനത്താവളത്തിലെ കടിഞ്ഞൂല്‍ കണ്‍മണി! സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ ‘തിരുവയറൊഴിഞ്ഞ്’ ശിവന്‍കുട്ടന് ജന്മം നല്‍കിയത്.

ഗര്‍ഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെ ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു. ഇരുപതു മുതല്‍ ഇരുപത്തിരണ്ടു മാസം വരെ നീണ്ടുനില്‍ക്കുന്ന ആനകളുടെ ഗര്‍ഭകാലവും ഗര്‍ഭപരിചരണവും എല്ലാം കഴിഞ്ഞ്- ആനപ്രസവത്തിനായി ആകാംക്ഷയോടെ കാത്തുകാത്തിരുന്ന മലയാളിയുടെ മടിയിലേക്ക് ലക്ഷ്മിയമ്മാള്‍ പെറ്റിട്ടത് ഒരു ഉണ്ണിക്കുട്ടനെ തന്നെ. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവിന്റെ ജനനം എന്നപോലെ, ഐശ്വര്യ-അഭിഷേക് താരദമ്പതികള്‍ക്ക് ഒരു കുഞ്ഞുപിറന്നാല്‍ എന്നപോലെ, ശിവന്‍കുട്ടിയുടെ പിറവി കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ കൊണ്ടാടി. സത്യത്തില്‍, ലക്ഷ്മി ശിവന് ജന്മം നല്‍കുന്നതിന് ഏതാണ്ട് ഒരുമാസം മുമ്പ് കുമളിയില്‍ മറ്റൊരു ആനപ്പെണ്ണ് കണ്ണനെന്ന കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പക്ഷേ, മുട്ടിനുമുട്ടിന് ഹൈറേഞ്ച് വരെ ഓടിയെത്താനുള്ള മാധ്യമലോകത്തിന്റെ പ്രയാസം നിമിത്തമാവാം കണ്ണനേക്കാള്‍ ജനശ്രദ്ധയും വാര്‍ത്താമൂല്യവും പിടിച്ചുപറ്റിയത് ശിവനും അവന്റെ അമ്മ ലക്ഷ്മിയുമായിരുന്നു. ശിവന്റെ ജനനവും ഇരുപത്തെട്ട് കെട്ടലും മാത്രമല്ല, അവന്റെ ഒന്നാംപിറന്നാള്‍വരെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ചൂടപ്പമായി മാറുകയും ചെയ്തു.

കടപ്പാട്…. ശ്രീകുമാർ അരിക്കൂറ്റി , Haris Noohu

Author: gajaveeran