തൃശ്ശൂർ പൂരം-ശക്തന്റെ നാട്ടിലെ വിസ്മയം

തൃശ്ശൂർ പൂരം

തൃശ്ശൂർ എന്ന സാംസ്കാരിക നഗരിയുടെ ഒരിക്കലും പകരം നൽകാനാവാത്ത ഗജ,വർണ,നാദ,വിസ്മയ കാഴ്ച്ചയുടെ പൂര സമ്മേളനം കൊടികെട്ടിയിറങ്ങി.
തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ മുപ്പത്തി ആറു മണിക്കൂർ നീണ്ട പൂരത്തിന് അവസാനം കുറിച്ചു. ഒരർത്ഥിൽ പറഞ്ഞാൽ ഒരിക്കലും ആർക്കും അനുഭവിച്ചു മതിയാകാത്ത ദൃശ്യപ്പെരുമയുടെയും കേൾവിയുടെയും വിശ്വവിസ്മയം ഇന്ന് ഉച്ചയോടെ കഴിഞ്ഞു, വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്ത്, അടുത്ത വർഷം പൂരത്തിന് കാണാമെന്ന യാത്രാമൊഴി നൽകുന്ന വികാരനിർഭരിതമായ ചടങ്ങിന് പതിനായിരകണക്കിന് പൂരപ്രേമികളും സ്ത്രീകളും കുട്ടികളും സാക്ഷിയായി. വളരെയേറെ ആവേശകരമായ ഒരു പൂരത്തിന് കൂടിയാണ് ഇന്ന് പരിസമാപ്തികുറിച്ചത്.
ഉപചാരം ചൊല്ലി ഭഗവതിമാര്‍ പിരിയുന്നതോടെ മനസില്ലാ മനസോടെ ഒരോ പൂരപ്രേമികളും പൂരനഗരിയൊഴിഞ്ഞു പോകുന്ന സങ്കടകരമായ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റുന്നതിനുമപ്പുറമാണ്.
ഇനി കാത്തിരിപ്പിന്റെ കാലം,അടുത്ത ഒരു വർഷക്കാലം.

നമുക്കറിയാം കേരളത്തിൽ ആയിരക്കണക്കിനു പൂരങ്ങളും ഉത്സവങ്ങളും ഉണ്ടെങ്കിലും നമ്മുടെ എല്ലാം മനസ്സിൽ പൂരങ്ങളുടെ പൂരം എന്ന വിശേഷണം തൃശ്ശൂർ പൂരത്തിനു മാത്രം. അതിന്റെ പ്രൗഢിയും ചാരുതയും ഒന്നു വേറെത്തന്നെയാണ് ഒരിക്കലും വർണ്ണിച്ച് മതിയാക്കാനാവാത്ത ഇടവേളയില്ലാത്ത ആനന്ദത്തിന്റെ രാപകലിന്റെ
മുപ്പത്തി ആറ് മണിക്കൂറുകൾ. സ്വർണപ്രഭ ചൊരിയുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്ക് മുമ്പിൽ മികച്ച കലാകാരന്മാർ അണിനിരക്കുന്ന വാദ്യമേളങ്ങളും തെക്കോട്ടിറക്കവും, ഇലഞ്ഞിതറ മേളവും, ആകാശത്ത് വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടും പൂരപ്പന്തലുകളും എല്ലാം വിവിധതരക്കാരായ ആസ്വാദകരെയും ആവേശത്തിന്റ കൊടുമുടിയിൽ എത്തിക്കുന്നു.
ഓരോ പൂരവും നാളെയുടെ ഓർമകളിലേക്ക് ഒരുപാട് കാര്യങ്ങളെ സംഭാവന ചെയ്യുന്നു. ചിലതെല്ലാം ഇനിയൊരു കാഴ്ചയ്ക്കോ കേൾവിക്കോ സാധ്യതയില്ലാത്തവിധം അന്യമായി മാറുന്നമുണ്ട് ചില ദൃശ്യങ്ങൾ നമുക്ക് കുടമാറ്റം എന്ന വർണ്ണവിസ്മയക്കാഴ്ചകളിലൂടെ കാണാൻ സാധിച്ചു.

പൂരപറമ്പുകളിൽ നമ്മൾ കണ്ടു, കേട്ടു, എത്ര എത്ര മുഖങ്ങൾ, നാളിതുവരെ കണ്ടിട്ടില്ലാത്തവർ. കേട്ടിട്ടില്ലാത്തവർ, പ്രായമുള്ളവർ, ചെറുപ്പക്കാർ,കലാകാരൻ മാർ,പല പല സ്ഥലങ്ങളിൽ നിന്നും വന്നവർ എന്നിട്ട് അവർ പരിചയപ്പെടുന്നു, പലതും സംസാരിക്കുന്നു, ചിലർ ആനകളെ കുറിച്ച്, ചിലർ താളമേളങ്ങളെക്കുറിച്ച്,പലരും പലതരത്തിലുള്ള
ആസ്വാദകർ പരസ്പരം അഭിവാദ്യം ചെയ്ത് മടങ്ങുന്ന കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കന്നത്. കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന നിരവധി സംഭവങ്ങൾ ഇവിടെ പിറന്നു വീഴുന്നു. വലിയ വനെന്നോ ചെറിയവെനന്നോ വലിപ്പചെറുപ്പമില്ലാതെ എത്ര വലിയ ചൂടിനെയോ മഴയെയോ വകവെക്കതെ നടക്കാനും നനയാനും വിയർക്കാനുമെല്ലാമുള്ള മലയാളി എത്തിപ്പെടുന്ന സ്ഥലം പൂരപ്പറമ്പാണെന്ന കാര്യത്തിൽ സംശയം അശേഷം ഇല്ല,ആ സമയങ്ങൾ അവൻ അവന്റെ എല്ലാ ദുഖങ്ങളും മറന്ന് കുറച്ച് സമയത്തേക്ക് വേറൊരു ലോകത്തിൽ അതായത് ആനന്ദത്തിന്റെ ലഹരിയിൽ എത്തി ചേരുന്നു.ജീവിതത്തിൽ കിട്ടുന്ന ചില അപൂർവ നിമിഷങ്ങൾ,അതാണ് ഓരോ പൂര പറബുകളും നമുക്ക് സമ്മാനിക്കുന്നത്.
ഒരു കാര്യം കൂടി എറ്റവും കൂടുതൽ ആനകൾ വരുന്നതും ആനപ്രേമികൾക്ക് മതിവരോളം കണ്ട് ആസ്വദിക്കുന്നതിനും ആന കഥകൾ മതിവരോളം മറ്റുള്ളവരുമായി പങ്ക് വെക്കാനുമുള്ള ഒരു സ്ഥലം കൂടിയാണ് നമ്മുടെ പൂരനഗരി.
ഞാൻ ആദ്യമായി പൂരം കാണാൻ പോകുന്നത് വളരെ ചെറിയ പ്രായത്തിൽ അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി പൂരം കാണാന്‍ പോയത് ഇപ്പോഴും മനസ്സിൽ നിന്നും മാറുന്നില്ല.കഴിഞ്ഞ കാലങ്ങളിൽ പൂരം കാണാൻ പോയപ്പോഴും അന്നു ചെറു പ്രായത്തിൽ പോയ അതേ കൗതുകത്തോടെ ഈ കാലത്തും പൂരപ്പറമ്പിൽ എത്തിയ പ്രതീതി ആണ് മനസ്സിൽ ഓടിയെത്തുന്നത്.

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന പൂരമാണ് നമ്മുടെ തൃശ്ശൂർ പൂരം.ജീവിതത്തിൽ ഒരിക്കലെങ്കിലും പൂരം നേരിൽ കണ്ടിരിക്കണം എന്നു മാത്രമേ ഈ അവസരത്തിൽ എനിക്ക് പറയാൻ സാധിക്കൂ.ജീവിതത്തിൽ അനുഭവിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയണം. വാദ്യങ്ങളുടെ,മേളങ്ങളുടെ ഒരു ഒന്നന്നര പൂരമാണ് സാംസ്കാരിക നഗരിയുടെ പൂരം.ഞങ്ങളെ പോലുള്ള പ്രവാസികൾക്കു ഈ കാലഘട്ടത്തിൽ പൂരം നേരിൽ കണ്ടതു പോലെയാണ് .കാരണം അത്രക്ക് വളർന്നു കഴിഞ്ഞു നമ്മുടെ മീഡിയാസ്,അവരുടെ ലൈവ് അപ്ഡേഷൻ കൂടാതെ വീഡിയോ ക്ളാരിറ്റിയും നമുക്ക് പൂരം നേരിൽ കണ്ട അനുഭവം ആണ് സമ്മാനിക്കുന്നത്.

കുറച്ചു ദിവസം മുമ്പ് ദുബായിൽ പൂരവും വർണ്ണ വിസ്മയങ്ങളും തീർത്തിരുന്നു.
പതിനായിരകണക്കിന് പൂരം ആസ്വാദകരെ, ഒരേ വേദിയില്‍ ഒന്നിപ്പിച്ച ആവേശമാക്കിയ തൃശൂര്‍ പൂരം.
Thrissur Pooram in Dubai 2019 തൃശ്ശൂർ പൂരം ദുബായിൽ
ചെറുപൂരങ്ങളുടെ വരവിനെ ഓര്‍മ്മിപ്പിക്കും വിധം, പൂരപ്രേമികള്‍, ഒരേ മനസുമായി ഇവിടേയ്ക്ക് ആയിരങ്ങൾ ഒഴുകിയെത്തുകയായിരുന്നു. ഇലഞ്ഞിമരച്ചുവട്ടില്‍ പെരുവനത്തിന്റെ ഇലഞ്ഞിത്തറ മേളത്തെ ഓര്‍മ്മിപ്പിക്കും വിധം, ദുബായിലെ രാജ്മഹല്‍ പശ്ചാത്തലത്തില്‍, മേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ മേള വിസ്മയം കാഴ്ചവെച്ചു വൻ വിജയമാക്കിയത് നമ്മൾ കണ്ടതാണ്.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഒരു നിമിഷം കണ്ണടച്ചാൽ പൂരക്കമ്പക്കാരായ പ്രവാസിയുടെ മനസ്സ് പൂരത്തിന്റെ ബഹളങ്ങളിലേക്ക് എത്തും. അതിൽ സ്വയം നമ്മൾ അറിയാതെ അലിഞ്ഞു ചേർന്നു പോകും.ഒരോ പ്രവാസിക്കും പൂര ലഹരിയിൽ മനസ്സിൽ പൂരം പൂത്തുലയും അറിയാതെ ഒരു നിമിഷം അവന്റെ ഉള്ളിന്റെ ഉള്ളിൽ പൂര ആർപ്പുവിളികൾ അറിയാതെ ഉയരും. ഒപ്പം അടുത്ത പൂരത്തിന് എന്തായാലും നാട്ടിൽ വരണമെന്ന പ്രതീക്ഷ മനസ്സിൽ കോർത്തെടുക്കുന്നു. പൂരവിശേഷങ്ങൾ എത്ര എഴുതിയാലും പറഞ്ഞാലും തീരുന്ന ഒന്നല്ല. എഴുതുംതോറും പുതിയ പുതിയ അനുഭവങ്ങൾ മനസ്സിൽ ഓടിയെത്തുന്ന ഒന്നാണ് നമ്മുടെ തൃശ്ശൂർ പൂരം.അതെ പൂരങ്ങളുടെ പൂരം, കേരളത്തിന്റെ മാത്രമായ സ്വന്തം പൂരം.
“കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ, കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ”
തൃശൂർ പൂര മെന്നാലെന്താണന്നും , അതിലെആചാരാനുഷ്ഠാനങ്ങൾ എന്താണന്നും അത് തരുന്ന രസക്കൂട്ടെന്താണ്, എന്നൊക്കെ ഈ വരികളിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തുതന്നെ ആയാലും പ്രതീക്ഷിയോടെ നമുക്ക് കാത്തിരിക്കാം അടുത്ത വർഷത്തെ നല്ല ഒരു പൂരത്തിനായി…..
…ഹാരിസ് നൂഹൂ….

Author: Haris Noohu