ഇടമലയാർ വനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു

കോതമംഗലം: ഇടമലയാർ വനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു. ഒരാഴ്ച മുൻപാണ് ഇടമലയാർ പവർഹൗസിനോട് ചേർന്നുള്ള തോട്ടിൽ ആനയെ ഗുരതര നിലയിൽ കാണപ്പെട്ടത്. 20 വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന പിടിയാനയുടെ ഇടത് ചെവിക്കും, തലയിലും, വലതു വശത്തെ മുൻകാലിനും മായിരുന്നു ഗുരുതര പരിക്ക് കാണപ്പെട്ടത് . ആനകൾ പരസ്പരം കുത്തു കൂടിയതു മൂലം ഉണ്ടായ പരിക്കാണെന്നായിരുന്നു വനപാലകരുടെ പ്രാഥമിക നിഗമനം.

ആനയുടെ ചെവിക്ക് മുകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയതു പോലുള്ള ഒരു മുറിവും ഉണ്ടായിരുന്നു.

ഇത് കൊണ്ട് ആനക്ക് തീറ്റ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല. ചെവിയുടെ ഭാഗം അഴുകി അടർന്നു വീഴാൻ പാകത്തിൽ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമായിരുന്നു. ആനയുടെ പരിക്ക് ഗുരുതരമാണന്നു മനസ്സിലാക്കിയ വനപാലകർ വനം വകുപ്പ് വെറ്റിനറി ഡോ: ജയകുമാറിനെ വരുത്തി ചികിത്സ നൽകുകയും ചെയ്തിരുന്നു. ആനയുടെ മുറിവ് ഉണങ്ങുന്നതിനായി പൈനാപ്പിൾ തുരന്ന് ആന്റിബയോട്ടിക്ക് മരുന്നുകൾ വച്ച് നൽകിയായിരുന്നു ചികിത്സ നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ചികിത്സക്കിടയിൽ ഇന്ന് രാവിലെ ആന ചെരിയുകയായിരുന്നു. തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവലിന്റെ നേതൃത്വത്തിൻ ആനയുടെപോസ്റ്റ് മാർട്ട നടപടികൾ പൂർത്തിയാക്കി സംസ്ക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.

Author: gajaveeran