thechikottukavu ramachandran തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചരിത്രം മണിയേട്ടനും

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കാവുന്ന തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രന്‍. ചമയമണിഞ്ഞ് ഉറച്ച ചുവടും ഉയര്‍ന്ന ശിരസ്സുമായി രാമചന്ദ്രന്‍ കടന്നു വരുമ്പോള്‍ ഉത്സവപ്പറമ്പിലെ മറ്റാനകളേക്കാള്‍ പത്തരമാറ്റ് കൂടുതല്‍ ഇവനു തന്നെ. ആനപ്രേമികളുടേയും ഉത്സവപ്പറമ്പുകളുടേയും ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വഴിനടത്തുന്നത്‌ പാലക്കാട്‌ കുനിശ്ശേരി സ്വദേശി മണിയാണ്‌. തലയെടുപ്പോടെ രാമചന്ദ്രന്‍ എവിടെ നില്‍ക്കുമ്പോളും അവന്റെ ഇടതുഭാഗത്തായി പാപ്പാന്‍ മണിയും ഒപ്പം കാണും. മണിയില്ലാതെ രാമചന്ദ്രനെ പൊതു വേദിയില്‍ കാണുക അസാധ്യം എന്നു വേണമെങ്കില്‍ പറയാം. ഒരുകാലത്ത് വഴക്കാളിയും പോക്കിരിയുമായി അറിയപ്പെട്ടിരുന്ന പേരാമംഗലം രാമചന്ദ്രന്‍ എന്ന ആനയെ ഇന്നത്തെ പ്രതാപത്തിലേക്ക്‌ എത്തിച്ചതില്‍ കാര്യമായ ഒരു പങ്ക്‌ മണിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഈ മെലിഞ്ഞ മനുഷ്യന് അവകാശപ്പെട്ടതാണ്‌. വര്‍ഷങ്ങളായി രാമചന്ദ്രനൊപ്പം ഉള്ള ജീവിതത്തെയും പറ്റി മണിയേട്ടന്‍ സംസാരിക്കുന്നു.

എസ്.കുമാര്‍: ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള ആനയുടെ പാപ്പാന്‍ എന്നതും അതു നല്‍കിയ പ്രശസ്തിയേയും എങ്ങിനെ നോക്കിക്കാണുന്നു?

മണിയേട്ടന്‍: ആന വലുതോ ചെറുതോ എന്നതല്ല നമ്മള്‍ ചെയ്യുന്ന ജോലിയോട് കൂറുണ്ടായിരിക്കുക, കൊണ്ടുനടക്കുന്ന ആനയെ ജനങ്ങള്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. രാമചന്ദ്രന്‍ എനിക്ക്‌ മകനെ പോലെയാണ്‌, നല്ലൊരു ആത്മബന്ധം ഞാനും അവനും തമ്മിലുണ്ട്. പ്രശസ്തി എനിക്കല്ലോ രാമചന്ദ്രനല്ലേ? ഇന്ന് എനിക്കു ഈ തൊഴിലില്‍ എന്തെകിലും പേരും പ്രശസ്തിയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ അവനിലൂടെ ലഭിച്ചിട്ടുള്ളതാണ്‌. കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും രാമചന്ദ്രനെ ആളുകള്‍ ആവേശത്തോടെയാണ്‌ വരവേല്‍ക്കുന്നത്‌. ഗജരാജപട്ടങ്ങളും സ്വീകരണങ്ങളും അവനായി അവര്‍ ഒരുക്കുന്നു. അവനുണ്ടാകുന്ന ഓരോ മുന്നേറ്റവും എനിക്ക്‌ വലിയ സന്തോഷം നല്‍കുന്നു.

എസ്.കുമാര്‍: രാമചന്ദ്രനെ ഇടയ്ക്ക് വിലക്കുന്നതിനെ പറ്റി?

മണിയേട്ടന്‍: അതിപ്പോള്‍ എന്താ പറയുക. വളരെ വിഷമം ഉള്ള ഒരു കാര്യമാണത്. ഇടയ്ക്കിടെ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അവനെ കെട്ടിപ്പിക്കും. കഴിഞ്ഞ സീസണില്‍ കുറേ പൂരങ്ങള്‍ നഷ്ടമായി. പേരുള്ളതു കൊണ്ട് അവനെ നോട്ടമിടുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പാട് അനുസരണക്കേട് കാണിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുമായ ആനകള്‍ യഥേഷ്ടം ഇന്ന് പൂരപ്പറമ്പുകളില്‍ വരുന്നുണ്ടല്ലോ?

എസ്.കുമാര്‍: എങ്ങിനെയാണ്‌ മണിയേട്ടന്‍ ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌? ആരാണ്‌ ഗുരു?

മണിയേട്ടന്‍: എനിക്ക്‌ പതിമൂന്ന് വയസ്സുള്ളപ്പോള്‍ സ്കൂള്‍ പഠന കാലത്താണ്‌ ഞാന്‍ ആനപ്പണിയിലേക്ക്‌ തിരിയുന്നത്‌. ആനയോടുള്ള കമ്പം തന്നെയാണ്‌ അതിനു കാരണം. സഹായിയായിട്ടാണ്‌ ആദ്യം കൂടിയത്‌. വീട്ടുകാര്‍ക്ക്‌ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പല തരത്തിലും അവര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ എനിക്ക് ആനക്കമ്പം ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഓണക്കൂര്‍ കുഞ്ചു ആശാന്‍, ഓണക്കൂര്‍ പൊന്നന്‍ തുടങ്ങിയവര്‍ ആണ്‌ ഗുരുക്കന്മാര്‍. അക്കാലത്തെ പ്രഗല്‍ഭരായിരുന്നു അവര്‍. അവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും പിന്നീട് സ്വയം ആര്‍ജ്ജിച്ച അറിവുമാണ് എന്റെ വിജയത്തിനു പിന്നില്‍. ഒരിക്കലും സ്കൂളില്‍ പോയി പഠിക്കാവുന്നതല്ല ആനപ്പണി. അത് ആനയ്ക്കൊപ്പമുള്ള സഹവാസത്തിലൂടെ തന്നെ വേണം പഠിക്കുവാന്‍.

എസ്.കുമാര്‍: മണിയേട്ടന്‍ സ്വന്തം കുടുംബത്തില്‍ നിന്നും ആരെയെങ്കിലും ഈ രംഗത്തേക്ക്‌ കോണ്ടുവന്നിട്ടുണ്ടോ?

മണിയേട്ടന്‍: എന്റെ പെങ്ങളുടെ മകന്‍ മഹേഷിനെ ഞാനാണ്‌ ഈ രംഗത്തേക്ക്‌ കൊണ്ടുവരുന്നത്‌. അടുത്ത കാലം വരെ അവന്‍ രാമചന്ദ്രന്റെ പാപ്പാനായിരുന്നു. ഇപ്പോള്‍ കര്‍ണ്ണന്റെ പാപ്പാനായി നില്‍ക്കുന്നു.

എസ്.കുമാര്‍: തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനു മുമ്പ്‌ ഏതു ആനയിലായിരുന്നു ഏറ്റവും കൂടുതല്‍ നിന്നിട്ടുള്ളത്‌? രാമചന്ദന്റെയൊപ്പം എത്രകാലമായി?

മണിയേട്ടന്‍: പതിനൊന്നു വര്‍ഷം തിരുവാണിക്കാവ്‌ രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു. അവന്‍ പേരുകേട്ടതും മിടുക്കനുമായ ആനയാണ്‌. രാമചന്ദ്രനൊപ്പം ഇപ്പൊള്‍ 16 വര്‍ഷമായി. എനിക്ക്‌ മുമ്പ്‌ കടുവാവേലായുധേട്ടന്‍ എന്നറിയപ്പെടുന്ന സീനിയര്‍ പാപ്പാന്‍ ആയിരുന്നു അവനെ കൊണ്ടു നടന്നിരുന്നത്‌. ഞാന്‍ തെച്ചിക്കോട്ടു കാവില്‍ ചെല്ലുമ്പോള്‍ വേലായുധേട്ടന്‍ കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു അവനെ.അങ്ങനെ അവനെ കയ്യെല്‍ക്കുകയായിരുന്നു.

എസ്.കുമാര്‍: മംഗലശ്ശേരി നീലകണ്ഠനെ പോലെ ദേവാസുര ഭാവങ്ങളുടെ മൂര്‍ത്തിയായ ഒരാന. ഒരുകാലത്ത് കൂട്ടാനക്കുത്തിന്റേയും പൂരം കലക്കിയെന്നും കുപ്രസിദ്ധന്‍. ഉത്സവപ്പറമ്പുകളില്‍ നിന്നും കല്ലെറിഞ്ഞും കൂക്കിവിളിച്ചും കെട്ടും തറിയിലേക്ക് ഒഴിവാക്കപ്പെട്ടവന്‍. എന്നാല്‍ അതേ ആനയെ മത്സരപ്പൂരങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി, ജനഹൃദയങ്ങളിലെ പ്രിയപ്പെട്ടവനാക്കി മാറ്റിയതിനെ പറ്റി?

മണിയേട്ടന്‍: ദൈവാനുഗ്രഹം തന്നെ പ്രധാനം, പിന്നെ കാലാകാലങ്ങളില്‍ ദേവസ്വം ഭരണ സമിതിയുടേയും എന്റെയും സഹപ്രവര്‍ത്തകരുടേയും പരിശ്രമവും അവന്റെ ഭാഗ്യവുമാണ്. ഇതു കൂടാതെ അവന്റെ ആരാധകരും അഭ്യുതയ കാംഷികളും നല്‍കുന്ന ശക്തമായ പിന്തുണയും ഒരു പ്രധാന കാരണമാണ്. ദൌര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായി എന്നത് നേരു തന്നെ എന്നാല്‍ അനാരോഗ്യകരമായ ചില പ്രവണതകളുടെ ഭാഗമായി കുറെയൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കിയ കുപ്രസിദ്ധിയാണ് അവനുമേല്‍ ചാര്‍ത്തപ്പെട്ട ദോഷങ്ങളില്‍ അധികവും.
എനിക്ക് തോന്നുന്നത് ആദ്യകാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണം ഈ ആനയെ കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നം മൂലമായിരുന്നു എന്നാണ്. നല്ല ആരോഗ്യമുള്ള ഒരാന കൂടാതെ അത്യാവശ്യം യുവത്വത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന ചോരത്തിളപ്പും ചേര്‍ന്ന കാലത്തായിരുന്നു അവന്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. കുറ്റം പറയുന്നവര്‍ ഈ ആന എന്തുകൊണ്ട് കൂട്ടാനയെ കുത്തി എന്ന് പരിശോധിക്കാറില്ല. ഉള്‍ക്കോളൊ വറ്റു നീരോ ഉള്ള ആന അടുത്തുണ്ടായാല്‍ അത് ഇങ്ങോട്ട് ആക്രമിക്കും എന്ന ഭീതിയില്‍ നിന്നും പ്രതിരോധമെന്ന വണ്ണം അങ്ങോട്ട് ആക്രമിക്കുന്ന സ്വഭാവം ചില ആനകള്‍ക്കുണ്ട്. രാമചന്ദ്രന്‍ കുറച്ചൊക്കെ ഈ വിഭാഗത്തില്‍ ആയിരുന്നു അന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ വര്‍ഷങ്ങളായി അങ്ങിനെ ഒരു പ്രശ്നവുമില്ല.
വേലായുധേട്ടന്‍ ആനയെ കൊണ്ടു നടക്കാന്‍ തുടങ്ങിയതോടെ അവന്‍ നേരെയായി ത്തുടങ്ങിയിരുന്നു. പിന്നീട് എന്റെ കയ്യിലെത്തിയപ്പോളും അവന്‍ ഒരു വിധം “വഴക്കും വക്കാണവുമൊക്കെ“ നിര്‍ത്തിയിരുന്നു. പലരും കൈക്കൊതുക്കു‌വാനായി ആനയെ വാട്ടും എന്നാല്‍ ഞാന്‍ കയറിയപ്പോള്‍ ആരോഗ്യം വെപ്പിക്കുകയാണ് ചെയ്തത്. അവന്റെ വളര്‍ച്ചയും തലയെടുപ്പുമെല്ലാം ഒരു പരിധി വരെ എന്റെ കാലത്ത് തന്നെയാണ്. അത് പരിചരണത്തിലൂടെയും പരിശീലനത്തിലൂടേയും ഉണ്ടാക്കിയതാണ്. കണ്ടമ്പുള്ളിയാനയ്ക്കൊപ്പം തലപിടിച്ച് ഒറ്റനിലവില്‍ നില്‍ക്കുന്ന വേറെ ആനകള്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഏതു പൂരത്തിനു ഇവനെ പോലെ സ്വാഭാവികമായി ഒറ്റനിലവില്‍ നില്‍ക്കുന്ന ആനകള്‍ കുറവാണ്.

എസ്.കുമാര്‍: ആരാധകരെ കുറിച്ച്?

മണിയേട്ടന്‍: എവിടെ ചെന്നാലും അവനെ സ്വീകരിക്കുവാന്‍ ആരാധകരുടെ തിക്കും തിരക്കുമാണ്. ഉത്സവ സീസണ്‍ ആയാല്‍ നാടു നീളെ അവന്റെ വലിയ ഫ്ലക്സുകള്‍. ഏതു ഉത്സവപ്പറമ്പില്‍ ചെന്നാലും അവന് ഒരു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ഏറ്റവും നന്നായി ചമയമണിയിച്ച് എഴുന്നള്ളത്തിനു ആനയിക്കുന്നതും ഇവനെ തന്നെ. മത്സരപൂരങ്ങളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടെങ്കില്‍ തലയെടുപ്പില്‍ അവനു മേലെ നില്‍ക്കാന്‍ മറ്റാനകളില്ല അതിനാല്‍ തന്നെ കൂടുതല്‍ ആരാധകരും ഇവനു തന്നെയാണ്.

എസ്.കുമാര്‍: എന്തൊക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പ്രത്യേകതകള്‍?

മണിയേട്ടന്‍: ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരവും തലയെടുപ്പും ഉള്ള ആനകളില്‍ മുന്നില്‍ നില്‍ക്കുന്നവന്‍ ആണ് രാമചന്ദ്രന്‍. മൊത്തത്തില്‍ ഉള്ള ചന്തത്തിനൊപ്പം എടുത്തു പിടിച്ചു നില്‍ക്കുന്ന തലക്കുന്നിയും, വിരിഞ്ഞ മസ്തകവും ഒപ്പം നല്ല കരുത്തും. മറ്റാനകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്താമായി ഒരു “ക്യാരക്ടര്‍” അവനുണ്ട്. എന്ന് വച്ചാല്‍ ഏതു സദസ്സിലും അവന്റെ ഒരു പ്രൌഡി നില നിര്‍ത്താന്‍ അറിയാം. ഉത്സവത്തിനായാലും തലപൊക്ക മത്സരങ്ങള്‍ക്കായാലും വേദിയില്‍ കയറിയാല്‍ ശരിക്ക് പെര്‍ഫോം ചെയ്യാന്‍ അവനറിയാം. അതിന്റെ തെളിവാണ് അവന് ലഭിച്ച പട്ടങ്ങളും പ്രശസ്തിയും.

എസ്.കുമാര്‍: രാമചന്ദ്രനെ പോലെ കരുത്തും വലിപ്പവുമുള്ള ഒരാനയെ കൊണ്ടു നടക്കുവാന്‍ പേടിയില്ലേ?

മണിയേട്ടന്‍: മനുഷ്യനെ പോലെ ആനയ്ക്ക് ബുദ്ധിയും, ചിന്തയും, ഓര്‍മ്മയുമൊക്കെയുണ്ട്. അവനെ ഉപദ്രവിക്കുന്നവനെയും സ്നേഹിക്കുന്നവനേയും തിരിച്ചറിയുവാനും കഴിയും. രാമനെ കൊണ്ടു നടക്കുന്നത് തല്ലിപേടിപ്പിച്ചിട്ടല്ല, സ്നേഹചട്ടത്തിലാണ്. അതു കൊണ്ടുതന്നെ പേടിക്കേണ്ടതില്ല. ഞാന്‍ ഒന്ന് വിളിച്ചാല്‍ തുമ്പില്‍ ഒന്ന് തൊട്ട് തലോടിയാല്‍ കൊച്ചു കുട്ടിയെ പോലെയാകും അവന്‍. വികൃതികാണിക്കുമ്പോള്‍ രണ്ടടിയൊക്കെ കൊടുക്കും, എന്നാല്‍ അവനെ മുറിവേല്പിക്കാറില്ല.

എസ്.കുമാര്‍: എങ്ങിനെയാണ്‌ രാമചന്ദ്രന്റെ നീരുകാലം?

മണിയേട്ടന്‍: ഉത്സവങ്ങള്‍ കഴിയുന്ന സമയത്താണ്‌ അവനു നീരു തുടങ്ങുക. അഞ്ചുമാസത്തോളം നീണ്ടു നില്‍ക്കും. വര്‍ഷങ്ങളായി അറിയാവുന്നതുകൊണ്ട്‌ നേരത്തെ തന്നെ കെട്ടും. തുടക്കത്തില്‍ ചില ബഹളം ഒക്കെ ഉണ്ടാകും. പാപ്പാന്മാരോട് അകല്‍ച്ച കാണിക്കും എന്നാല്‍ അയല്പക്കത്തുള്ള ചിലരോട് അടുപ്പം വിടാറുമില്ല. പിന്നെ കന്നം വീര്‍ക്കലും നീരൊഴുകളുമൊക്കെയായി അതങ്ങിനെ തുടരും. ജനുവരിയില്‍ അവനെ അഴിക്കാറാകും. എല്ലാതവണയും രാമചന്ദ്രനു നീരുമുറിക്കാതെ (പകുതി നീരില്‍ നില്‍ക്കുമ്പോള്‍ മരുന്നു നല്‍കിയോ അടിച്ചോ ആനയെ അഴിക്കുന്നത്‌) മുഴുവന്‍ ഒഴുകി പോകുവാന്‍ അനുവദിക്കും. മുറിച്ചഴിക്കുമ്പോള്‍ ചില ആനകള്‍ ഉള്‍ക്കോള്‍ വിടാത്തതിന്റെ പ്രശ്നങ്ങള്‍ ഒക്കെ കാണിക്കും. അത്‌ അപകടമാണ്‌. ഇത്തരം ചെയ്തികളുടെ ഫലമാണ് പല ആനകളേയും പ്രശ്നകാരികളാക്കുന്നത്.
രാമനെ നീരു കഴിഞ്ഞു അഴിക്കുമ്പോള്‍ കാര്യമായ ഭേധ്യം ഒന്നും വേണ്ടി വരാറില്ല. നീരുകഴിയുമ്പോള്‍ ഞാന്‍ പേരാമംഗലത്ത് ബസ്സിറങ്ങിയാല്‍ അവന്‍ നിലം കയ്യടിക്കുവാനും ചെറുതായി ചീറ്റാനും തുടങ്ങു. അകലെ നിന്നേ അവന് എന്റെ മണം കിട്ടും.അടുത്തെത്തിയാല്‍ പിന്നെ ചില സ്നേഹപ്രകടനമൊക്കെയുണ്ട്.

എസ്.കുമാര്‍: ഇന്നിപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്ന ആനകളുടെ എണ്ണം കൂടിവരികയാണ്. കെട്ടിയഴിക്കല്‍ ചടങ്ങിനായി പാപ്പാന്മാര്‍ക്കൊപ്പം മറ്റു ചില സാമൂഹ്യവിരുദ്ധരും കൂടുന്നു. ആനകളെ ചട്ടത്തിലാക്കുവാന്‍ ക്രൂരമായി മര്‍ദ്ദിക്കേണ്ട ആവശ്യം ഉണ്ടോ?

മണിയേട്ടന്‍: തൊഴില്‍ അറിയാവുന്നവരെ സംബന്ധിച്ച്‌ അതിന്റെ ആവശ്യം വരുന്നില്ല. ധൈര്യം മാത്രം പോര ആനയുടെ സ്വഭാവവും മനശ്ശാസ്ത്രവും തിരിച്ചറിയുന്നവര്‍ ആകണം പാപ്പാന്‍, അതിനോട് പെരുമാറുവാന്‍ ഒരു തഞ്ചവും വേണം. പുതിയ ആനയില്‍ ഒന്നാം പാപ്പാനായി കേറുമ്പോള്‍ ചുരുങ്ങിയത്‌ മൂന്നു മാസം എങ്കിലും ആ ആനയുമായി ഇടപഴകണം. അപ്പോളേക്കും ആനയ്ക്ക്‌ പുതിയ പാപ്പാനേയും പാപ്പാനു ആനയേയും പറ്റി പൊതുവായി ഒരു ധാരണ വരുത്തുവാന്‍ കഴിയും. വെട്ടിയും കുത്തിയും മുറിവേല്പിച്ച് ഏത് ആനയെ കൊണ്ടു നടക്കുന്നതും ശരിയല്ലെന്നാണ് എനിക്ക് തൊന്നുന്നത്. ക്രൂരമായി അടിച്ചാല്‍ ആ സമയത്ത് ഒന്ന് അനുസരിച്ചെന്നിരിക്കും എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ആ ആനയുടെ കയ്യില്‍ നിന്നും തട്ടു കിട്ടും എന്നാണ് അനുഭവങ്ങളില്‍ കണ്ടിട്ടുള്ളത്. കൈ കരുത്തിന്റെ ബലത്തില്‍ ഒരിക്കലും രാമചന്ദ്രനെ പോലെ ഒരാനയെ കോണ്ടു നടക്കുവാന്‍ ആകില്ല. എന്നെ സംബന്ധിച്ച്‌ രാമചന്ദ്രനു സ്നേഹചട്ടമാണെന്ന് പറയാം.

എസ്.കുമാര്‍: സാമ്പത്തികമായി നോക്കിയാലും ജോലിയുടെ സ്വഭാവം വച്ചു നോക്കിയാലും ഒട്ടും ആകര്‍ഷകമല്ല പാപ്പാന്‍ പണി എന്നിട്ടും ഈ രംഗത്തേക്ക്‌ ആളുകള്‍ കടന്നു വരുന്നതിനെ പറ്റി?

മണിയേട്ടന്‍: സാമ്പത്തികം നോക്കിയാല്‍ ഇതിലും കൂടുതല്‍ വരുമാനം ഉള്ള ജോലികള്‍ ധാരാളം ഉണ്ട്‌. ആനക്കമ്പം മൂലമാണ്‌ അധികം ആളുകളും ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. ആനപ്പണിയില്‍ കയറിയാല്‍ പിന്നെ അതു വിട്ടു പോകുവാന്‍ ബുദ്ധിമുട്ടാണ്‌. വിട്ടാലും ആനയുമായി ബന്ധം നിലനിര്‍ത്തും. കടുവാ വേലായുധേട്ടനോക്കെ അവസാന നാളുകളില്‍ പോലും ആനകളുമായി ഇടപഴകിയാണ്‌ ജീവിച്ചത്‌. ഒരിക്കല്‍ ആനയുമായി ബന്ധം വന്നാല്‍ പിന്നെ ജീവിതാവസാനം വരെ അത്‌ ഒഴിവാക്കുവാന്‍ ആകില്ല.

എസ്.കുമാര്‍: ആന പാപ്പാന്റെ ഉത്തരവാദിത്വത്തെ പറ്റി?

മണിയേട്ടന്‍: വലിയ ഒരു ഉത്തരവാദിത്വം ആണ്‌ ആനപാപ്പാന്റേത്‌. ആനയെ നല്ലനിലക്ക്‌ കൊണ്ടു നടക്കുന്നതിലും നിര്‍ത്തുന്നതിലുമെല്ലാം പാപ്പന്റെ ശ്രദ്ധയും ആത്മാര്‍ത്ഥതയും അത്യന്താപേക്ഷിതമാണ്‌. ചെറിയ പിഴവുപോലും വലിയ അപകടങ്ങള്‍ക്ക്‌ വഴിവെക്കും. ഒരാനയെ അഴിച്ചു കഴിഞ്ഞാല്‍ ചുരുങ്ങിയത്‌ ഒരു സീസണ്‍ എങ്കിലും അതിന്റെ ഒപ്പം നില്‍ക്കണം. പാതിക്ക്‌ വെച്ച്‌ ഇട്ടെറിഞ്ഞ്‌ പോകരുത്‌. ആനയുടെ ആരോഗ്യകാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിച്ചേ പറ്റൂ. ആനയുടെ ചെറിയ മാറ്റം പോലും തിരിച്ചറിയുവാന്‍ പാപ്പാന്‌ കഴിയണം. ഇപ്പോള്‍ പാപ്പാന്മാരുടെ സംഘടനയുമായി ബന്ധപ്പെട്ട്‌ ചില നിബന്ധനകള്‍ ഒക്കെ ഉണ്ട്‌ ആനയുടെ മേല്‍ന്ന് ഒഴിയുന്നതിനു ഒരുമാസം മുമ്പെങ്കിലും നോട്ടീസ്‌ നല്‍കണം.
ആവശ്യങ്ങളും പ്രശ്നങ്ങള്‍ മനുഷ്യന്മാരോട് തുറന്നു പറയുവാന്‍ ആനയ്ക്ക് കഴിയില്ല. എന്നാല്‍ ആനയ്ക്കും പാപ്പാനും പരസ്പരം തിരിച്ചറിയുന്ന “ഒരു” ഭാഷയുണ്ട്. അതു മനസ്സിലാക്കി പെരുമാറണം. ആനയെ നേരത്തിനു കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും വേണം. വിശ്രമമില്ലാതെ പണിയെടുപ്പിച്ചാല്‍ അത് ചിലപ്പോള്‍ ഇടഞ്ഞെന്നിരിക്കും. ആനയ്ക്ക് അപകടം പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വവും പാപ്പാനുണ്ട്. മദ്യപിച്ച് ആനയെ തോന്നിയപോലെ കൈകാര്യം ചെയ്യരുത്.

എസ്.കുമാര്‍: എപ്പോളാണ് ആനകള്‍ അക്രമകാരികളാകുന്നത്?

മണിയേട്ടന്‍: ആനയുടെ സ്വഭാവം പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ കുറേ നാളത്തെ പഴക്കം കൊണ്ട് അതിനെ ഏകദേശം ഒക്കെ മനസ്സിലാക്കുവാന്‍ പറ്റും. ഓരോ ആനയ്ക്കും അതിന്റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവയ്ക്ക് ഇഷ്ടവും അനിഷ്ടവുമുണ്ട്. പേടികൊണ്ട് ആക്രമിക്കുന്ന / കൈവിടുന്ന ആനകള്‍ ഉണ്ട്. ചില ആനകള്‍ക്ക് മുന്നിലൂടെ മറിച്ചു കടക്കുന്നത് ഇഷ്ടമല്ല. സമയത്തിനു ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കില്‍ അക്രമകാരികളാകുന്ന ആനകളുണ്ട്. വെടിക്കെട്ടിന്റെ ശബ്ദം, ബൈക്കിന്റെ ശബ്ദം, ബസ്സിന്റെ ഹോണ്‍ കേട്ടാല്‍, ഓട്ടോറിക്ഷ കണ്ടാല്‍ വിറളി പിടിക്കുന്ന ആനകള്‍ ഉണ്ട്. വെള്ളത്തില്‍ ഇറക്കിയാല്‍ കയറാന്‍ മടികാണിക്കുന്നവര്‍ അങ്ങിനെ പലതും ഉണ്ട് ഇതൊക്കെ എപ്പോളും ശ്രദ്ധിച്ചു വേണം പെരുമാറുവാന്‍‍.

എസ്.കുമാര്‍: മറ്റു പലരും പറയുന്നത് പോലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഒരു പ്രശ്നകാരിയാണോ?

മണിയേട്ടന്‍: ഒരിക്കലും അവന്‍ ഒരു അപകടകാരിയായ ആനയല്ലെന്ന് ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പറയുവാനാകും. ഏറ്റവും വലിയ ആനയെന്ന നിലയില്‍ അവനെ പറ്റി പലതരം കുപ്രചരണങ്ങള്‍ ചില കോണുകളില്‍ നിന്നും പ്രചരിപ്പിക്കാറുണ്ട്‌ അതുപോലെ ചിലര്‍ കേസില്‍കുടുക്കുവാന്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ദൌഭാഗ്യവശാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവനുമായി ബന്ധപ്പെട്ട്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതു പക്ഷെ മിക്കവാറും അവന്റേതല്ലാത്ത കാരണങ്ങളാലാണ്‌‌. പല ആനകള്‍ക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഒരു ഉദാഹരണം പറയാം ഒരാനയ്ക്ക് വായില്‍ എന്തെങ്കിലും ഭക്ഷണം നല്‍കിയെന്നിരിക്കട്ടെ ആനയുടെ വായില്‍ നിന്നും വീണാല്‍ അത് കുനിഞ്ഞെടുത്ത് കൊടുക്കാന്‍ ശ്രമിക്കരുത് ആന ചിലപ്പോള്‍ അടിക്കും അല്ലെങ്കില്‍ കുത്തിയെന്നിരിക്കും. അതുപോലെ അപ്രതീക്ഷിതമായി കാലിന്റെ ഇടയില്‍ പടക്കം പൊട്ടിച്ചാല്‍ മനുഷ്യനായാലും ആനയായാലും പേടിച്ച് ഒഴിഞ്ഞു മാറും. ഇതൊക്കെ അപകടത്തിനു വഴിവെക്കും. ആനയുടെ സ്വഭാവം മാനസികനില ഇതൊക്കെ നോക്കാതെ അതിന്റെയടുത്ത് ഇടപെടുമ്പോളും അപകടങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെ ആനയുടെ കുഴപ്പമായിട്ടാണ് ആളുകള്‍ പറയുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ യദാര്‍ഥത്തില്‍ കുറ്റക്കാരന്‍ മനുഷ്യര്‍ തന്നെയല്ലേ?
മനുഷ്യന്മാരുടെ എന്ന പോലെ തന്നെ ആനകളുടെയും സ്വഭാവത്തില്‍ വ്യത്യസ്ഥത ഉണ്ട്. എത്ര സ്നെഹമുണ്ടായാലും ചിലപ്പോള്‍ പരസ്പരം പെരുമാറ്റം ഇഷ്ടപ്പെടില്ലല്ലോ. അപ്പോള്‍ ഇടയ്ക്ക് പിണങ്ങും അല്ലെങ്കില്‍ ദേഷ്യപ്പെടും വഴക്കിടും ചിലപ്പോള്‍ അടിയുണ്ടാക്കും. ഇത് തന്നെയാണ് ആനകള്‍ തമ്മിലും ആനയും മനുഷ്യനും തമ്മിലും ഉണ്ടാകുന്നത്. എത്ര സ്നേഹമുള്ള ഭാര്യയും ഭര്‍ത്താവും തമ്മില്‍ അല്ലെങ്കില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ സുഹൃത്തുക്കള്‍ തമ്മിലൊക്കെ ഇടയ്ക്ക് ചില പിണക്കങ്ങള്‍ ഉണ്ടാകില്ലേ അതു പോലെ ഇടയ്ക്ക് ചില പിണക്കവും വഴക്കും ഉണ്ടാകും. അതൊക്കെ അപ്പോള്‍ തന്നെ തീരുകയും ചെയ്യും.

എസ്.കുമാര്‍: രാമചന്ദ്രന്‍ കൈവിടുമ്പോള്‍ മണിയേട്ടന്‍ അവന്റെ കൊമ്പില്‍ തൂങ്ങും എന്ന് കേട്ടിട്ടുണ്ട്‌ അത്‌ റിസ്കല്ലേ?

മണിയേട്ടന്‍: ആന കൈവിട്ടാല്‍ അപകടം ഉണ്ടാക്കാതെ എത്രയും പെട്ടെന്ന് അവനെ തളക്കുക എന്നതാണ്‌ പാപ്പന്റെ ഉത്തരവാദിത്വം. ആ സമയത്ത് സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാറില്ല. പൊതുജനത്തിന്റേയും ആനയുടേയും രക്ഷയാണ് നോക്കുക. കേട്ടിട്ടില്ലെ ആനകയറുന്ന പാപ്പാന്റേയും അതിര്‍ത്തികാക്കുന്ന ജവാന്റേയും ജീവന്‍ ഒരു പോലെയാണെന്ന്. എപ്പോള്‍ വേണമെങ്കിലും അപകടം സഭവിക്കാം, ഇതറഞ്ഞു കൊണ്ടു തന്നെയാണ് ഈ തൊഴിലിലെക്ക് ഇറങ്ങുന്നതും.
അവനല്പം പേടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി എന്തെങ്കിലും ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും അവന്റെ ശരീരത്തില്‍ കുത്തുകയോ ചെയ്താല്‍ അവന്‍ ഒന്ന് കുതറിമാറുകയോ പെട്ടെന്ന് മുന്നോട്ട് നടക്കുകയോ ചെയ്യും. ഇത് സ്വാഭാവികമാണ് എന്നാല്‍ ഇതിനെ ഇടഞ്ഞോടിയതായിട്ടാണ് പലപ്പോഴും ചിത്രീകരിക്കുക. രാമചന്ദ്രന്‍ എന്റെ കയ്യില്‍ വന്നതിനു ശേഷം അങ്ങിനെ അധികം ഇടഞ്ഞോടിയിട്ടില്ല. ഇനി ഇടഞ്ഞാല്‍ തന്നെ അവന്റെ കൊമ്പില്‍ ഞാന്‍ തൂങ്ങിയാല്‍ ഉടനെ അവന്‍ വരുതിയില്‍ വരും. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവനെ ഞാന്‍ മോനെ പോലെയാണ്‌ കരുതുന്നതും കൊണ്ടു നടക്കുന്നതും അവന്‍ എന്നെ ചതിക്കില്ലാന്നുള്ള വിശ്വാസമാണ്‌ എനിക്ക്‌.

എസ്.കുമാര്‍: രാമചന്ദ്രനെ ദേവസ്വം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?

മണിയേട്ടന്‍: തേച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേയും ക്ഷേത്രത്തിന്റേയും ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും ഒരു പ്രധാന കാരണം രാമന്‍ തന്നെയാണ്. വളരെ നല്ല നിലയില്‍ തന്നെയാണ് അവര്‍ രണ്ട് ആനകളേയും (രാമചന്ദ്രനെ കൂടാതെ ദേവീ ദാസന്‍ എന്നൊരു ആന കൂടെയുണ്ട് ഇവിടെ) നോക്കുന്നത്. വര്‍ഷാ വര്‍ഷം സുഖചികിത്സ നല്‍കുന്നുണ്ട്. എന്തെങ്കിലും ചെറിയ അസുഖം കണ്ടാല്‍ ഉടനെ ഡോക്ടറെ കൊണ്ടുവന്ന ആവശ്യമായ ചികിത്സ നല്‍കും.സീസണ്‍ ആകുമ്പോള്‍ ഇട ദിവസങ്ങളില്‍ വിശ്രമം ലഭിക്കുന്ന രീതിയില്‍ മാത്രമേ ഏക്കം എടുക്കാറുള്ളൂ. അടുത്തടുത്ത ദിവസങ്ങളില്‍ ദൂരയാത്ര വേണ്ട ഏക്കം ഏടുക്കാറില്ല. ആനയെ എഴുന്നള്ളിക്കുന്നിടത്ത് ദേവസ്വത്തിന്റെ ആരെങ്കിലും എത്തും. സമയാസമയങ്ങളില്‍ ഉത്തരവാദിത്വ പെട്ടവര്‍ വിവരങ്ങള്‍ വിളിച്ചന്വേഷിക്കും.

എസ്.കുമാര്‍: ആനകള്‍ ഇടയുന്നതും മറ്റും ടി.വിയില്‍ കാണിക്കുന്നതിനെ പറ്റി?

മണിയേട്ടന്‍: ഒട്ടും നല്ലതല്ല ഇത്തരം കാര്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.‌. ഇത്‌ ആനകളെ പറ്റി ആളുകള്‍ക്ക്‌ ഭയമുണ്ടാക്കാനെ ഉപകരിക്കൂ. മാത്രമല്ല ആനയുടെ ആക്രമണത്തിനു വിധേയനാകുന്നത്‌ ഒരു മനുഷ്യ ജീവിയാണ്‌,അത്‌ കണ്ടു രസിക്കാന്‍ ഉള്ളതല്ല. അത്‌ അവരുടെ കുടുമ്പാംഗങ്ങള്‍ക്ക്‌ വളരെയധികം വേദനയുണ്ടാക്കുന്ന അനുഭവം ആയിരിക്കും. ആരെങ്കിലും അവനവന്റെ കുടുമ്പാംഗങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ഇത്തരത്തില്‍ കണ്ടു രസിക്കുമോ?

എസ്.കുമാര്‍: മണിയേട്ടന്‍ ഉള്‍പ്പെടെ പല പാപ്പാന്മാരും തങ്ങള്‍ കൈകാര്യം ചെയ്യാത്ത മറ്റൊരാന ഇടഞ്ഞ് കൊലവിളിയായി നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ധൈര്യസമേതം ചെന്നിടപെടുന്നത്?

മണിയേട്ടന്‍: ആദ്യം അവനവന്റെ ആനയെ ബന്ധനസ്ഥനാക്കും. ഇനി നമുക്കൊപ്പം ആനയില്ലെങ്കില്‍ ഒരാന ഇടഞ്ഞോടുന്നതോ പാപ്പാനേയോ മറ്റോ ആക്രമിക്കുന്നതോ ആനപ്പണിയറിയാവുന്നവര്‍ കണ്ടു നില്‍ക്കില്ല.അവര്‍ ആനയെ പിടിക്കുവാന്‍ സഹായിക്കും. നാളെ നമ്മള്‍ കൊണ്ടു നടക്കുന്ന ആന കൈവിട്ടാല്‍ മറ്റൊരാളേ സഹായിക്കുവാന്‍ ഉണ്ടാകൂ.

എസ്.കുമാര്‍: ഇന്ന് ഇടഞ്ഞോടുന്ന ആനകളുടെയും അതുപോലെ അകാലത്തില്‍ ചരിയുന്ന ആനകളുടേയും എണ്ണം വര്‍ദ്ധിച്ചു വരികയാണല്ലോ?

മണിയേട്ടന്‍: വിശ്രമവും ഭക്ഷണവും ഇല്ലാതെ പണിയെടുപ്പിക്കുന്നതും, നീരു മുറിച്ചിറക്കുന്നതും ഒക്കെ പ്രശ്നമാണ്. കൂടാതെ നോട്ടക്കുറവും. പണിയറിയാത്തവരും ആത്മാര്‍ഥതയില്ലാത്തവരും ആനയെ കൈകാര്യം ചെയ്യുമ്പോള്‍ അത് ആനക്ക് കേടാണ്. സമയാ സമയത്തിനു ചികിത്സ നല്‍കണം. പ്രശസ്തിക്കായി പണം ഉള്ളവരും , വെറും കച്ചവട മനസ്സുള്ളവരും ആനയെ വാങ്ങിയാല്‍ അത് ആനയ്ക്ക് ഗുണം ചെയ്യില്ല. ആനയെ നോക്കുവാന്‍ മനസ്സും സമയവും ഇല്ലാത്തവര്‍ അതിനെ നോക്കുവാന്‍ മറ്റുള്ളവരെ നിയോഗിക്കുന്നു അവര്‍ തോന്നിയപോലെ പൈസ ചിലവാക്കും പക്ഷെ അത് ആനയ്ക്ക് ഉപകാരപ്പെടില്ല. അതിനെ ഉള്ളവര്‍ ആനയെ വാങ്ങാന്‍ നില്‍ക്കരുത്.
എരണ്ടക്കെട്ടാണ് ആനകള്‍ ചരിയുന്നതിലെ പ്രധാന വില്ലന്‍. വണ്ടിയിടിച്ചും വണ്ടിയില്‍ നിന്നും വീണും ആനകള്‍ ചരിയുന്നുണ്ട്.

എസ്.കുമാര്‍: അവസാനമായി വീടിനെയും വീട്ടുകാരെയും പറ്റി?

മണിയേട്ടന്‍: പാലക്കട്‌ ജില്ലയിലെ കുനിശ്ശേരിയില്‍ ആണ്‌ വീട്‌. വീട്ടില്‍ അമ്മ,ഭാര്യ, മക്കളായി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും. അവര്‍ ഇവിടെ അടുത്ത്‌ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്നു.

മലയാളക്കരയിലെ അഭിമാനമായ ഈ ആനയെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഇനിയും ധാരാളമുണ്ട്, ഇനിയും ധാരാളം വര്‍ഷങ്ങള്‍ ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയുമായി മണിയേട്ടന്‍ നമ്മുടെ ഉത്സവപ്പറമ്പുകളിലേക്ക്കടന്നുവരട്ടെ എന്ന് ആശംസിച്ചു കൊണ്ട് തല്‍ക്കാലം സംഭാഷണം അവസാനിപ്പിക്കുന്നു.

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *