Thrikkadavoor Sivaraju തൃക്കടവൂര്‍ ശിവരാജു

ആനയും ആനച്ചന്തവും ആനക്കമ്പവും മധ്യകേരളമെന്ന തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ മാത്രം കുത്തകയെന്ന് വിശ്വസിക്കുന്നവര്‍ക്ക് മുന്നില്‍ തിരുവിതാംകൂറിന്റെ തിരുമുറ്റത്ത് നിന്ന് ഒരു ഉശിരന്‍ പോരാളി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസേനയിലെ ഉയരക്കേമന്‍; ആനക്കമ്പക്കാരെ അടിതൊട്ട് മുടിയോളം ആവേശഭരിതരാക്കുന്ന അനിതരസാധാരണമായ തലയെടുപ്പ്-ഇവന്‍ രാജു, തൃക്കടവൂര്‍ ശിവരാജു.പത്തടിയോടടുത്ത ഉയരക്കേമത്തം. എന്നാലോ ഇരിക്കസ്ഥാനത്തിന്റെ ഉയരത്തേക്കാള്‍ കുറഞ്ഞത് ഒരടിയെങ്കിലും മേലെ നില്‍ക്കുന്ന തലയെടുപ്പ്. ഒപ്പം സഹ്യപുത്രന്മാരുടെ തനത് മേന്‍മകള്‍ എന്ന് പരക്കെ വാഴ്ത്തപ്പെടുന്ന അംഗോപാംഗലക്ഷണത്തികവുകളുടെ ‘ചേരുംപടിചേര്‍ച്ചയും’. കൊല്ലം ജില്ലയിലെ വിഖ്യാതമായ തൃക്കടവൂര്‍ ക്ഷേത്രത്തിലെ ആന. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി. ഇന്നിപ്പോള്‍ തൃക്കടവൂര്‍ ദേശത്തിന്റെ നാമം തിരുവിതാംകൂറിന്റെ അതിരുകളും കടന്ന് കേരളമങ്ങോളമിങ്ങോളം അറിയപ്പെടുന്നുവെങ്കില്‍, അതിന് കാരണക്കാരന്‍ രാജുവെന്ന ഓമനപ്പേരില്‍ നാട്ടുകാര്‍ വിളിക്കുന്ന ശിവരാജു തന്നെ.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്നിപ്പോള്‍ മലയാളനാട്ടില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ആനകളിലൊന്ന് ശിവരാജു തന്നെ. വടക്കന്‍ നാട്ടിലേക്ക് അങ്ങനെ കാര്യമായൊന്നും കടന്നുവരാറില്ലാത്ത ശിവരാജുവിനെ നേരില്‍ കാണാന്‍ തൃശ്ശൂരിലെയും പാലക്കാട്ടെയും എത്രയോ ആനപ്രേമികളാണ് തൃക്കടവൂര്‍ ക്ഷേത്രത്തിലേക്കും ശിവരാജുവിന്റെ എഴുന്നള്ളിപ്പുള്ള തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലേക്കും അടുത്തകാലത്തായി അനുദിനമെന്നോണം എത്തുന്നത്.

കോന്നി ആനക്കൂട്ടില്‍ നിന്നാണ് ശിവരാജു തൃക്കടവൂരിലേക്ക് എത്തുന്നത്. കോന്നി റേഞ്ചിന് കീഴില്‍ അട്ടത്തോട് ഭാഗത്തെ കാട്ടില്‍ ഒരു പഴങ്കുഴിയില്‍ വീണ ആനക്കുട്ടി. നിയമംമൂലം ആനപിടിത്തം നിരോധിക്കപ്പെട്ടിട്ടും, കാട്ടില്‍ അവിടവിടായി മൂടാതെ കിടക്കുന്ന പഴയ വാരിക്കുഴികളെയാണ് പഴങ്കുഴി എന്ന് വിളിക്കുന്നത്. കുഴിയില്‍ വീഴുന്ന സന്ദര്‍ഭത്തില്‍ ആനക്കുട്ടിയുടെ പ്രായം ഏറിയാല്‍ അഞ്ചുവയസ്സ്. കുഞ്ഞിക്കൊമ്പുകള്‍ മുളച്ച് വരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
ഇന്നിപ്പോള്‍ ലക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന ശിവരാജുവിന്റെ കൊമ്പുകളും ചെവികളും എടുത്തുപറയേണ്ടവയാണ്. അത്ര വണ്ണമുള്ളവയല്ലെങ്കിലും തെല്ല് പകച്ചകന്ന നീളന്‍ കൊമ്പുകളും അസാമാന്യ വലിപ്പമാര്‍ന്ന ചെവികളും അവന് ഒരു ആഫ്രിക്കന്‍ ആനയുടെ ഭാവഗാംഭീര്യം പകരുന്നു. നീണ്ട തുമ്പികൈയും തെറ്റില്ലാത്ത വായൂകുംഭവും കരിങ്കറുപ്പ് നിറവും ഉറച്ച കാലുകളുമെല്ലാം രാജുവിന്റെ ‘പ്രതിഭാവിലാസങ്ങള്‍’ തന്നെ. ഇടനീളം കുറച്ച് കുറവാണെന്നത് മാത്രമാവാം ചെറിയൊരു ന്യൂനത. പിന്നെ കണ്ണുകിട്ടാതിരിക്കാന്‍ എന്നോണം, എങ്ങനെയോ ഒരു ചെവിയിലുണ്ടായ ചെറിയ മുറിപ്പാടും.
തൃക്കടവൂരപ്പനെപ്പോലെ തന്നെ ശിവരാജുവും സ്വതവേ ഇത്തിരി ശുണ്ഠിക്കാരനാണെങ്കിലും ഇരമ്പിയാര്‍ക്കുന്ന പുരുഷാരത്തിന് നടുവിലൂടെ, തന്റെ വാലില്‍ തൂങ്ങിപ്പിടിച്ചുകൊണ്ടോടുന്ന നാട്ടുക്കൂട്ടത്തെയും വകവയ്ക്കാതെ അക്ഷോഭ്യനായി കുതികുതിക്കുന്ന ശിവരാജു ആനപ്രേമികള്‍ക്കിടയില്‍ ഒരത്ഭുതവുമാണ്. കൊല്ലം ജില്ലയിലെ ഉമയനെല്ലൂര്‍ ക്ഷേത്രത്തില്‍ അനേക ദശകങ്ങളായി നടന്നുവരുന്ന ‘ആനവാല്‍പ്പിടി’ എന്ന ചടങ്ങിലും ആനയോട്ടത്തിലുമാണ് തൃക്കടവൂര്‍ ശിവരാജുവിന്റെ ക്ഷമയും സഹനശക്തിയും വര്‍ഷങ്ങളായി മാറ്റുരയ്ക്കപ്പെടുന്നത്(ഇപ്പോള്‍ ഈ ആചാരം നിരോധിച്ചു ).ശിവരാജുവിന്റെ നിലയും വിലയും കേട്ടറിഞ്ഞ് അവനെ എങ്ങനെയെങ്കിലും തങ്ങളുടെ ക്ഷേത്രാങ്കണത്തിലേക്കും എത്തിക്കുവാന്‍ മത്സരിക്കുകയാണ് ആനപ്രേമികള്‍. വൈക്കത്തഷ്ഠമിക്കും തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിനും വരെ പോയവര്‍ഷം തിടമ്പേറ്റി തന്റെ ‘പത്തരമാറ്റ്’ പ്രഖ്യാപിച്ച ശിവരാജു, അധികം വൈകാതെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിനും നിറസാന്നിധ്യമായി.

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *