ആനകളെ അറിയുക

facts about elephants

Proboscidae എന്ന കുടുംബത്തില്‍ പെട്ടതാണ് ആനകള്‍. ഇന്ത്യയില്‍ ആനകള്‍ കാണപ്പെടുന്നത് South India, North-eastern India, ഹിമാലയന്‍ താഴ്വരകള്‍‍, ഒറീസ്സ എന്നിവിടങ്ങളിലാണ്.
ഏഷ്യന്‍ ആനകള്‍ അഞ്ച് തരമാണുള്ളത്. ഇന്ത്യന്‍, ബര്‍മ്മീസ്, സിലൊണീസ്, സുമാത്രന്‍, മലേഷ്യന്‍ എന്നിവയാണവ.
ഏഷ്യന്‍ പിടിയാനകള്‍ക്ക് 2.5 – 3.5 ടണ്ണും കൊമ്പനാനകള്‍ക്ക് 3.5 – 5 ടണ്ണും ഭാരമുണ്ടാകും.
കൊമ്പില്ലാത്ത ആണാനകളെ മോഴയാനകള്‍ എന്നാണ് വിളിക്കുന്നത്.
ആനകളുടെ തലയ്ക്ക് ഭാരം കൂടുതലായതിനാല്‍ അത് ഉയര്‍ത്തിപ്പിടിക്കാനായി ആനകളുടെ കഴുത്ത് വളരെ ചെറുതായിരിക്കും.
ദിനചര്യകളില്‍ സഹായത്തിനായി മറ്റ് ചില വസ്തുക്കള്‍ ഉപയോഗിക്കുന്ന വളരെ ചുരുക്കം മൃഗങ്ങളില്‍ ഒന്നാണ് ആന. കഴുകന്മാര്‍ ഒട്ടകപക്ഷിയുടെ മുട്ട തകര്‍ക്കാനായി കല്ലുകള്‍ ഉപയോഗിക്കുന്നതുപോലെ, കുരങ്ങന്മാര്‍ ഉറുമ്പുകളെ പുറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ ഇലകള്‍ ഉപയോഗിക്കുന്നത്പോലെ, ആന പുറം ചൊറിയാന്‍ മരപ്പട്ട തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ആനകള്‍ ഇതുപോലെ പലതും സ്വയം പഠിക്കുകയും നിത്യജീവിതത്തില്‍ ഉപയോഗിക്കാ‍ന്‍ എളുപ്പം ശീലിക്കുകയും ചെയ്യും.
വിരലില്ലാതെ നഖങ്ങളുള്ള ഒരേ ഒരു ജീവിയാണ് ആന . അധികം ആനകള്‍ക്കും 18 നഖമാണുണ്ടാകുക, 5 വീതം മുന്‍‌കാലുകളിലും 4 വീതം പിന്‍‌കാലുകളിലും. വളരെ വിരളമായി 20 നഖങ്ങളുള്ള ആനകളെ കാണാറുണ്ട്.(5 നഖങ്ങള്‍ എല്ലാ കാലുകളിലും). ആനയുടെ കാല്പാദം വളരെ കട്ടിയുള്ളതും കൊഴുപ്പ് നിറഞ്ഞതും ആണ്. ഇത് ആനയെ പാറ പോലുള്ള പ്രതലങ്ങളിലും മണല്‍ പോലെയുള്ള പ്രതലങ്ങളിലും നടക്കാന്‍ സഹായിക്കുന്നു.
ആനയുടെ മുന്‍‌കാലിന്റെ ചുറ്റളവ് കൊണ്ട് ആനയുടെ ഉയരം കണ്ടുപിടിക്കാം. ചുറ്റളവിന്റെ ഇരട്ടി ആയിരിക്കും ഉയരം എന്നാണ് കണക്ക്.
ആനയുടെ ചെവിയുടെ മുകള്‍ഭാഗം 10 വയസ്സാകുമ്പോഴേക്കും മടങ്ങിത്തുടങ്ങും. ഇരുപത് വര്‍ഷം ആകുമ്പോഴേക്കും ചെവി ഒരിഞ്ചോളം മടങ്ങിയിട്ടുണ്ടാകും. അത്കൊണ്ട്, ചെവിയില്‍ ഒരിഞ്ച് മടക്കുള്ള ഒരാനയ്ക്ക് ഉദ്ദേശം 30-35 വയസ്സ് കണക്കാക്കാം. ഇത് ഒരു ഏകദേശ കണക്ക് മാത്രം.
ഒരാനയുടെ തൂക്കം ഇങ്ങനെ കണക്കാക്കാവുന്നതാണ്.
W = 12.8 (g+ng) – 4281
W = ഭാരം കിലോഗ്രാമില്‍;
g = girth (നെഞ്ചളവ്, സെന്റിമീറ്ററില്‍);
ng = neck girth (കഴുത്തിന്റെ വ്യാസം സെന്റിമീറ്ററില്‍).
വെള്ളത്തില്‍ കളിക്കാന്‍ ആനകള്‍ക്ക് വളരെ ഇഷ്ടമാണ്. വളരെ നേരം നീന്താനും ആനകള്‍ക്ക് കഴിയും. ചളിയില്‍ കിടന്നുരുളാനും ആനകള്‍ക്ക് വളരെ താല്പര്യമാണ്.
ആനകള്‍ കാട്ടില്‍ ഭക്ഷണത്തിനും, തണലിനും, വെള്ളത്തിനുമായി ഒരുപാട് ദൂരം ദിവസവും നടക്കാറുണ്ട്. ഒരുപാട് ഭക്ഷണം വേണമെന്നതിനാല്‍ ഈ നടത്തം ദിവസവും ആവശ്യമായി വരുന്നു. പക്ഷെ ഒരേ സ്ഥലത്ത് തന്നെ അവിടത്തെ ഭക്ഷണം തീരുന്നതു വരെ നില്‍ക്കുന്ന സ്വഭാവം ആനകള്‍ക്കില്ല.
ആനകള്‍ വളരെ പതുക്കയേ നടക്കാറുള്ളൂ. വേഗത ഉദ്ദേശം 4km/hr. പക്ഷെ ആനയ്ക്ക്, മനുഷ്യരില്‍ ഏറ്റവും വേഗം കൂടിയ നൂറുമീറ്റര്‍ ഓട്ടക്കാരനേക്കാല്‍ വേഗത്തില്‍ ഓടാന്‍ കഴിയും.
മൂന്ന് തരം സസ്യജാലങ്ങള്‍ ആന ഭക്ഷിക്കും i.e., lower (grass), middle (bush), and upper (canopy) tiers.
ആനകള്‍ ശുചിത്വത്തിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നു. മേയുമ്പോള്‍ ഇലകല്‍ സ്വന്തം കാലില്‍ അടിച്ച് പൊടിയും ചെളിയും കളഞ്ഞതിനുശേഷമേ ആന ഭക്ഷിക്കുകയുള്ളൂ.
200-255 ലിറ്റര്‍ വെള്ളം ആന ദിവസവും കുടിക്കും. അത്, 50-60 ലിറ്റര്‍ ഒറ്റയടിക്ക്, 3-4 തവണയായി ആണ് കുടിക്കുക. തുമ്പികൈയില്‍ 6-7 ലിറ്റര്‍ ആണ് സാധാരണ ആന എടുക്കുക. 10 ലിറ്റര്‍ വരെ എടുക്കാന്‍ ആനയ്ക്ക് സാധിക്കും.
ചെറുദൂരം ഏതാണ്ട് 25 Km/hr വേഗതയില്‍ ആനയ്ക്ക് ഓടാന്‍ സാധിക്കും. 30-40 kms/hr വരെ വേഗതയില്‍ ആന ഓടാറുള്ളതായി തമിഴ്‌നാട്ടിലുള്ള മധുമലൈ ആന ക്യാമ്പ് സാക്ഷ്യപ്പെടുത്തുന്നു. കാലില്‍ ചങ്ങല ഉണ്ടെങ്കിലും ആനകള്‍ക്ക് വേഗത്തില്‍ നീങ്ങാന്‍(hop) സാധിക്കും. പക്ഷെ കുതിരയെപ്പോലെ ചാടാനോ (gallop) കന്നുകാലികളെപ്പൊലെ ഓടാനോ ആനയ്ക്ക് സാധിക്കില്ല.
മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത ഫ്രീക്വന്‍സികളിലുള്ള ശബ്ദവും ആനകള്‍ക്ക് കേള്‍ക്കാനാകും. മനുഷ്യര്‍ക്ക് കേള്‍ക്കാ‍ന്‍ പറ്റുന്ന ഫ്രീക്വന്‍സിക്ക് താഴെയുള്ള ശബ്ദം ഇന്‍ഫ്രാസോണിക്ക് എന്നും അതിനു മുകളിലുള്ള ശബ്ദം അള്‍ട്രാസോണിക്ക് എന്നും വിളിക്കപ്പെടുന്നു. ആനകള്‍ അള്‍ട്രാസോണിക്ക് ശബ്ദം വഴിയാണ് തമ്മില്‍ സംസാരിക്കാറ്. മസ്തകത്തിനും തുമ്പികൈക്കും ഇടയിലുള്ള ഭാഗം കൊണ്ടാണ് ആന ഈ ശബ്ദം ഉണ്ടാക്കുന്നത്. ഇതാണ് ആനയുടെ തല വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന സമയത്ത് വെള്ളത്തില്‍ അലകളായി കാണുന്നത്. ആനകള്‍ക്ക് വലിയ ചെവികളായതിനാല്‍ വളരെയധികം ഫ്രീക്വസികളിലുള്ള ശബ്ദം ശ്രവിക്കാനാകും. ആനയുടെ കാല്‍പ്പാദങ്ങളിലൂടെയും ആനയ്ക്ക് കേള്‍‍ക്കാനാകുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭൂമികുലുക്കവും മറ്റും ആനകള്‍ നേരത്തേ മനസ്സിലാക്കുന്നത് അങ്ങിനെയാണ് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആനയുടെ കാഴ്ചശക്തി വളരെ മോശമായതിനാല്‍ ആന മണമാണ് തിരിച്ചറിയാനായി‍ ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നവരെപ്പോലും ആന ഓര്‍മ്മയിലുള്ള മണം കൊണ്ട് തിരിച്ചറിയാറുണ്ട്.
കേരളത്തില്‍, ആനകള്‍ പഞ്ചവാദ്യത്തിനനുസരിച്ച് ചെവിയാട്ടുന്നതാണെന്നൊരു വിശ്വാസം നിലവിലുണ്ട്. പക്ഷെ ഇത് സത്യമല്ല. തങ്ങളുടെ ശരീരം തണുപ്പിക്കുന്നതിനുവേണ്ടിയാണ് ആന ചെവിയാട്ടുന്നത്. ശരീരത്തില്‍ വിയര്‍പ്പ്ഗ്രന്ഥികളില്ലാത്തതിനാല്‍ ചെവിയെ ആണ് ആനകള്‍ ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ ആശ്രയിക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും രക്തം ചെവിയിലേക്കെത്തിച്ച് അവിടെ വച്ച് ചെവിയാട്ടുക വഴി തണുപ്പിക്കുകയാണ് ആന ചെയ്യുന്നത്. ഈ തണുപ്പിച്ച രക്തം തിരിച്ചൊഴുകി ശരീര താപനില കുറയ്ക്കുന്നു . ആനയുടെ ചെവിയിലേക്കൊഴുന്ന രക്തത്തിനും പുറത്തേക്കൊഴുകുന്ന രക്തത്തിനും ഒരു സെന്റിഗ്രേഡ് താപനിലയുടെ വെത്യാസം ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ആനയുടെ ശരീര താപനില 96.6 OF ( 36.9 OC) ആണ്.
ആനയുടെ തലയോട്ടിയില്‍ ഒരുപാട് സൈനസ്സുകള്‍ ഉള്ളതിനാല്‍ ആനയുടെ തല, കാണുമ്പോള്‍ തോന്നുന്നത്ര ഭാരമുള്ളതല്ല.
ആനയുടെ പല്ലുകള്‍ ആയുസ്സില്‍ അഞ്ച് തവണ മാറ്റപ്പെടും. മിക്ക സസ്തനികള്‍ക്കും പല്ലുകള്‍ താഴെ നിന്ന് മുകളിലേക്കാണ് വളരുക. ആനകള്‍ക്ക് പിന്നില്‍ നിന്ന് മുന്‍പോട്ടാണ് വളര്‍ച്ച.
ആനക്കൊമ്പ് ആനയുടെ പല്ല് വളര്‍ന്ന് വരുന്നതാണ്. കൊമ്പനാനകള്‍ക്ക് കൊമ്പ് വളര്‍ച്ച് രണ്ട് രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങും. മൂന്ന്-നാല് ഇഞ്ച് കൊല്ലത്തില്‍ കൊമ്പിന് വളര്‍ച്ച ഉണ്ടാകും. മുറിച്ചുകളഞ്ഞാലും വീണ്ടും വളരാനുള്ള കഴിവുണ്ട് ഈ കൊമ്പിന്. കൊമ്പിന്റെ അകത്ത് പള്‍പ്പ് എന്നൊരു ഭാഗം ഉണ്ടാകും പല്ലില്‍ ഉള്ള പോലെ. മനുഷ്യരില്‍‍ ഇടതുകൈയ്യന്മാരും വലത്കൈയ്യന്മാരും ഉള്ളത് പോലെ ആനകള്‍‍ക്കും ഒരു കൊമ്പില്‍ സ്വാധീനം കൂടുതല്‍ ഉണ്ടാകും.
ആനയ്ക്ക് നാക്ക് അധികം ചലിപ്പിക്കാന്‍ സാധിക്കില്ല. നാക്ക് പുറത്തേക്കെടുക്കാനും സാധ്യമല്ല. നാക്കില്‍ വച്ച ഭക്ഷണം അകത്തേക്ക് തള്ളാനാണ് ആന നാക്കിനെ ഉപയോഗിക്കുന്നത്.
മുകള്‍ച്ചുണ്ടും മൂക്കും തമ്മില്‍ കൂടിച്ചേരുന്ന ഭാഗം വളര്‍ന്നുണ്ടാവുന്നതാണ് തുമ്പികൈ. തുമ്പികൈയില്‍ ഉദ്ദേശം ഒരുലക്ഷം muscles ഉണ്ടാ‍കും.
കണ്ണുനീര്‍ മൂക്കിലേക്ക് ഒഴുകാന്‍ മനുഷ്യരെപ്പോലെ ശരീരത്തിനകത്ത് ചാലുകള്‍ ഇല്ലാത്തതിനാല്‍ ആനയുടെ കണ്ണുനീര്‍ എപ്പോഴും പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കും.
കുറച്ച് വിയര്‍പ്പ്ഗ്രന്ഥികള്‍ ആനയുടെ നഖത്തിനടിയിലും‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് മതിയാകാത്തതിനാല്‍ ആന ശരീരം തണുപ്പിക്കാന്‍ സ്വന്തം ഉമിനീര്‍ ദേഹത്ത് തളിക്കാറുണ്ട്.
ആനയുടെ ത്വക്ക് വളരെ കട്ടിയുള്ളതാണ്. എങ്കിലും മറ്റ് ജീവികളെപ്പോലെ മുറിവേറ്റാല്‍ ആനയ്ക്ക് വേദനിക്കും. ഈ ത്വക്കില്‍ പല മടക്കുകളും ഉണ്ടാകും. ഈ മടക്കുകള്‍ ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ആനയ്ക്ക് മദഗ്രന്ഥി എന്നൊരു ഗ്രന്ഥി ഉണ്ട്. അത് വര്‍ഷത്തില്‍ ഒരു കാലയളവില്‍ പൊട്ടിയൊലിക്കും. ഇത് ആനയ്ക്ക് വളരെയധികം വേദനയുണ്ടാക്കുമെന്നതിനാല്‍ ആ സമയത്ത് ആന വളരെ ആക്രമണകാരിയായിരിക്കും. പപ്പാന്മാര്‍ പറയുന്നതൊന്നും അനുസരിക്കാന്‍ ആ സമയത്ത് ആന കൂട്ടാക്കാറില്ല. ശരീരം വളരെയധികം ചൂടാകുമെന്നതിനാല്‍ ആ സമയത്ത് മുഴുനേരവും വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കാന്‍ ആന ശ്രമിക്കും. ചില പിടിയാനകള്‍ക്കും വളരെ അപൂര്‍വ്വമായി മദം പൊട്ടാറുണ്ട്. പക്ഷെ ആ സമയത്ത് കൊമ്പനാനയെപ്പോലെ പിടിയാന അക്രമണകാരിയാവാറില്ല.
ആനയുടെ കാലുകളുടെ ആകൃതി കാരണം ആനയ്ക്ക് ചാടാന്‍ കഴിയില്ല. ചാടിവീഴുമ്പോഴുള്ള ക്ഷതം താങ്ങാന്‍ ആനയുടെ കാലുകള്‍ക്ക് കെല്‍പ്പില്ല. എന്നാല്‍ ആനയുടെ മുട്ട് വളരെ താഴെയായതിനാല്‍ ആനയ്ക്ക് കുനിയാനും നിവരാനും എളുപ്പമാണ്.
മറ്റ് സസ്തനികളെപ്പോലെ ആനയുടെ ഹൃദയത്തിന്റെ ഒരറ്റം കൂര്‍ത്തതല്ല.
കടലിലെ സസ്തനികളെപ്പോലെ ആനയുടെ വൃഷണം ശരീ‍രത്തിനകത്താണ് (കിഡ്നിയുടെ അടുത്ത്). മദമിളകുന്ന സമയത്ത് ആനയുടെ വൃക്ഷണം വലുതാകും.
ആനയുടെ ഗര്‍ഭകാലം 21 മാസമാണ്. ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്തും ആനകള്‍ക്ക് അണ്ഡധാരണം ഉണ്ടാകും.
ജനിച്ചയുടനെ ആനക്കുട്ടിക്ക് 80-100 kg ഭാരവും 90-100 cms പൊക്കവും ഉണ്ടാകും.
മുന്‍‌കാലുകള്‍ക്കിടയിലാണ് ആനയ്ക്ക് സ്തനങ്ങള്‍ ഉണ്ടാകുക. പാല്‍ ചുരത്തുന്ന പല സുഷിരങ്ങള്‍ ഉണ്ടാകും സ്തനത്തില്‍. 4-5 വര്‍ഷത്തോളം ആനകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാറുണ്ട്, പക്ഷെ നാട്ടാനകള്‍‍ രണ്ട് വര്‍ഷത്തോടെ മുലയൂട്ടല്‍ നിര്‍ത്തും.
സസ്യഭുക്കുകള്‍ ആണെങ്കിലും ആഫ്രിക്കന്‍ ആനകളുടെ കൊളസ്റ്റ്രോള്‍ ലെവല്‍, ബീഫ് കഴിക്കുന്ന മനുഷ്യന്മാരേക്കാള്‍ കൂടുതലാണ്.
ആനകള്‍ക്ക് ഗാള്‍ ബ്ലാഡ്ഡര്‍ ഉണ്ടാവില്ല.
നായ്ക്കള്‍ ഇരിക്കുന്നപോലെ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നത് (Dog posture or ‘sternal recumbency’ posture) മറ്റ് മൃഗങ്ങല്‍ക്ക് വളരെ സൌകര്യമാണെങ്കിലും ആനകള്‍ക്ക് അത് അപകടകരമാണ്, പ്രത്യേകിച്ച് ആന തളര്‍ന്നിരിക്കുമ്പോള്‍. ആനയുടെ കരളിനു ചുറ്റും pleural cavity ഇല്ലാത്തതിനാല്‍, ആനയെ മയക്കുമരുന്ന് കൊടുത്തതിനുശേഷമോ അല്ലാതെയോ ചെരിച്ച് അധികനേരം കിടത്തുന്നത് അപകടമാണ്.
ശ്വസനത്തിന്റെ റേറ്റ് ആന നില്‍ക്കുമ്പോള്‍ മിനുട്ടില്‍ പത്ത് തവണയാണ്; കിടക്കുമ്പോള്‍‍ അത് അഞ്ചായി ചുരുങ്ങും.
മനുഷ്യരെപ്പോലെയുള്ള കാല്‍മുട്ടുകളായതിനാല്‍ ആനകള്‍ക്കും ആര്‍ത്രൈറ്റിസ് വരാറുണ്ട്.
ആനയ്ക്ക് 282 എല്ലുകള്‍ ഉണ്ടാകും. 61 vertebrae യും. എല്ലുകള്‍ക്ക് വണ്ണം കുറവായതിനാല്‍ ഒടിയാനുള്ള സാധ്യത കൂടുതലാണ്.
ആനയ്ക്ക് ഒരുപാടുനേരം നില്‍ക്കാന്‍ കഴിയും. കുതിരകള്‍ക്ക് നിന്നുറങ്ങാന്‍ പാകത്തില്‍ ലിഗമെന്റ്സ് ഉള്ളത് പോലെ ആനകള്‍ക്കും ഉണ്ട്. അതിനാല്‍ ആനകള്‍ക്കും കാല്‍കഴപ്പില്ലാതെ ഒരുപാടുകാലം നില്‍ക്കാന്‍ കഴിയും. തൃപ്പൂണിത്തുറയില്‍ ഒരാന പതിനെട്ട് മാസത്തോളം, സുഖമില്ലാതിരുന്ന ഒരു അവസ്ഥയില്‍ ഒറ്റ നില്‍പ്പ് നിന്നിട്ടുണ്ട്. വളര്‍ത്തുന്ന ആനകള്‍ പകല്‍ സമയത്ത് കിടക്കാറില്ല.
മിക്ക മൃഗങ്ങളും അവരുടെ കാലുമുട്ടുകള്‍‍ പിറകോട്ടാണ് മടക്കാറ് ഉറങ്ങുമ്പോള്‍. ആനയാകട്ടെ മുന്‍പോട്ടും.
ആനകള്‍ ദിവസത്തില്‍ 10-15 തവണ മൂത്രമൊഴിക്കും. 50-60 ലിറ്ററോളം വെള്ളം അതു വഴി ആനയ്ക്ക് നഷ്ടപ്പെടും.
വെള്ളമില്ലാത്ത അവസ്ഥയില്‍ മണ്ണിനടിയില്‍ വെള്ളമുള്ള സ്ഥലം മനസ്സിലാക്കി മണ്ണ് മാന്തി എടുക്കാന്‍ ആനകള്‍ക്ക് കഴിവുണ്ട്.
ആനകള്‍ക്ക് വളരെയധികം ഓര്‍മ്മശക്തി ഉണ്ടാകും. മദം പൊട്ടുന്ന സമയത്ത് ആനകള്‍ തങ്ങളുടെ പപ്പാന്മാരെ തിരഞ്ഞ് പിടിച്ച് അക്രമിക്കും.
കാട്ടില്‍ വച്ച് ഒരാന പിറക്കുമ്പോള്‍ അതിനെ പരിശീലിപ്പിക്കാനും അനുസരണ പഠിപ്പിക്കാനും എല്ലാ വലിയ ആനകളും കൂടും. എന്നാല്‍ നാട്ടാനകള്‍ക്ക് കുട്ടിയുണ്ടാകുമ്പോള്‍ മനുഷ്യര്‍ അധികമായി സ്നേഹം കാണിക്കുന്നത് കൊണ്ട് ആനക്കുട്ടി അനുസരണക്കേട് കൂടുതലായി കാണിക്കും. മുലയൂട്ടല്‍ കഴിഞ്ഞ് നല്ല പരിശീലകരാല്‍ നല്ലവണ്ണം പരിശീലിപ്പിച്ചില്ലെങ്കില്‍ പിന്നെ ഈ ആന ഇണങ്ങില്ല.
ആനകളുടെ കൂട്ടം മിക്കവാറും നയിക്കുന്നത് തലമുതിര്‍ന്ന ഒരു പിടിയാനയായിരിക്കും. കൊമ്പനാനകള്‍ കൂട്ടം കുടി സഞ്ചരിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. വേനല്‍ക്കാലത്ത് വെള്ളത്തിനും ഭക്ഷണത്തിനും ദൌര്‍ലഭ്യം ഉണ്ടാകൂമ്പോള്‍ ചെറിയ കൂട്ടങ്ങളായി ഈ കൂട്ടം പിരിഞ്ഞു പലവഴിക്ക് പോകും. കാലാവസ്ഥ മെച്ചപ്പെടുന്നതോടുകൂടി ഇവര്‍ വീണ്ടും ഒന്നിച്ച് ചേരും. കാട്ടാനകള്‍ 60-70% സമയവും ഭക്ഷണം കഴിച്ചുകൊണ്ടെയിരിക്കും. വേനല്‍‌ക്കാലത്ത്, ദിവസവും ഇവര്‍ 2-4 മണിക്കൂര്‍ വിശ്രമിക്കും ചൂടുകാരണം heat strokes ഉണ്ടാവാതിരിക്കാന്‍.
ആഫ്രിക്കയില്‍ ഒരിക്കല്‍ ഒരു ദേശീയോദ്യാനത്തില്‍ കാട്ടാനകള്‍ യാതൊരു പ്രകോപനവുമില്ലാതെ കണ്ടാമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കണ്ടാമൃഗങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞ വന്നു. മൃഗശാലാധികൃതര്‍ അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലായത് ഈ കാട്ടാനക്കൂട്ടത്തില്‍‍ വലിയ പിടിയാനകള്‍ ഇല്ലാത്തതിനാല്‍ ചെറിയ ആനകള്‍ക്ക് അക്രമണപ്രവണത കൂടുതലായി ഉണ്ടായി എന്നുള്ളതാണ്. പുറമേ നിന്ന് കുറച്ച് മുതിര്‍ന്ന പിടിയാനകളെ കൊണ്ട് വന്ന് അവര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. പ്രതീക്ഷിച്ചതുപോലെ കുട്ടിയാനകള്‍ മര്യാദരാമന്മാരായി.
കാട്ടാനക്കൂട്ടങ്ങളെ വിരട്ടിയാല്‍ അവരുടെ പ്രതിരോധം ഇപ്രകാരമാണ് സ്വീകരിക്കുക. അവര്‍ ആദ്യം ഒരൊറ്റവരിയില്‍ വന്ന് നില്‍ക്കും. പിന്നീട് അതൊരു വൃത്തമാക്കും. കുട്ടികള്‍ അകത്തും മുതിര്‍ന്നവര്‍ പുറത്തും.
ആനകളെ പൂര്‍ണ്ണമായും മെരുക്കിയെടുക്കാന്‍ കഴിയില്ല. എത്ര മെരുങ്ങിയാലും അവര്‍ക്കെപ്പോഴും കാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ടാകും. മറിച്ച് പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍‍‍ ഇണങ്ങിക്കഴിഞ്ഞാല്‍ ഒരിക്കലും തിരിച്ചുപോകില്ല.
അര്‍ത്ഥശാസ്ത്രത്തില്‍ ചാണക്യന്‍ ആനകളുടെ വില സ്വര്‍ണ്ണത്തിനു തുല്യമായാണ് വര്‍ണ്ണിക്കുന്നത്. ആനകളെക്കൊല്ലുന്നത് പരമാവധി ശിക്ഷയ്ക്ക് അര്‍ഹമാണെന്നാണ് ചാണക്യന്റെ അഭിപ്രായം

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *